Site icon Janayugom Online

മത്സരിച്ചത് അഞ്ച് എംഎല്‍എമാര്‍; വിജയം രണ്ട് പേര്‍ക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങി. രണ്ട് നിയമസഭാംഗങ്ങള്‍ ലോക്‌സഭയിലേക്ക് വിജയിച്ചതോടെ രണ്ടിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അതോടൊപ്പം, വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്നതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. മത്സരിച്ച രണ്ടാമത്തെ സീറ്റായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും രാഹുല്‍ഗാന്ധിക്ക് ഇത്തവണ വിജയം നേടാനായി. ഹിന്ദി ഹൃദയഭൂമിയിലെ നിര്‍ണായക മണ്ഡലമായ റായ്ബറേലി നിലനിര്‍ത്താനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്.

ഈ സാഹചര്യത്തില്‍ വയനാട്ടിലെ എംപി സ്ഥാനം രാജിവയ്ക്കേണ്ടിവരും. ഇതില്‍ രാഹുല്‍ഗാന്ധി തീരുമാനമെടുക്കുന്നതോടെ, വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ആസന്നമാകും. ആലത്തൂരില്‍ വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ച് നിയമസഭാംഗങ്ങളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരാര്‍ത്ഥികളായത്. മട്ടന്നൂര്‍ എംഎല്‍എ കെ കെ ശൈലജയും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും തമ്മില്‍ വടകരയില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഷാഫിയോടൊപ്പമായി. എംപിമാരായി ഇരുവരും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ പാലക്കാടും കെ രാധാകൃഷ്ണന്റെ മണ്ഡലമായ ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. വര്‍ക്കല എംഎല്‍എ വി ജോയി അവസാനനിമിഷം വരെയുള്ള കടുത്ത പോരാട്ടത്തിലാണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനോട് നേരിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടത്. കൊല്ലം എംഎല്‍എയായ എം മുകേഷ് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. 

Eng­lish Summary:Five MLAs con­test­ed; Vic­to­ry for two
You may also like this video

Exit mobile version