Site icon Janayugom Online

ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍, അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; കൊല്ലപ്പെട്ടവരില്‍ കൊല്ലം സ്വദേശിയും

vysakh

കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മലയാളിയടക്കം നാല് സൈനികരും ഒരു ജൂനിയർ കമ്മിഷൻഡ് ഓഫീസറും കൊല്ലപ്പെട്ടു. മറ്റ് രണ്ടിടങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. അതിനിടെ രാത്രി വൈകി ഷോപ്പിയാനില്‍ ഭീകരരുമായി പുതിയ ഏറ്റുമുട്ടലുണ്ടായി. 

കൊട്ടാരക്കര കുടവട്ടൂർ ആശാൻമുക്ക് സ്വദേശി എച്ച് വൈശാഖ് (24) ആണ് വീരമൃത്യു വരിച്ചത്. പൂഞ്ച്-രജൗരി അതിര്‍ത്തിയില്‍ സുരന്‍കോട്ട് മേഖലയില്‍ ഡെറാ കി ഗാലി (ഡികെജി) ക്ക് സമീപം ചമ്രര്‍ വനത്തോടുചേര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. പഞ്ചാബ് സ്വദേശികളായ സുബേദാർ ജസ്വീന്ദർ സിങ്, മൻദീപ് സിങ്, ഗജ്ജൻ സിങ്, സരാജ് സിങ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് സൈനികർ. 

ഡികെജിയില്‍ പാക് ഭീകരര്‍ നുഴഞ്ഞുകയറിയതായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെ വെടിവയ്പ്പുണ്ടാവുകയായിരുന്നു. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

ചമ്രർ വനത്തില്‍ മൂന്നോ നാലോ തീവ്രവാദികൾ ഉള്ളതായി സൈന്യം സംശയിക്കുന്നു. മേഖല പൂർണമായി സൈന്യം വളഞ്ഞു. ഫെബ്രുവരിയില്‍ വെടിനിര്‍ത്തല്‍ പാലിക്കാനുള്ള ഇന്ത്യ‑പാകിസ്ഥാന്‍ ധാരണയ്ക്കുശേഷം ആദ്യമായാണ് ഇത്രയും വലിയ നഷ്ടം സൈന്യത്തിന് ഉണ്ടാകുന്നത്. അതിനിടെ അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കശ്മീരില്‍ സമീപകാലത്തായി ഉണ്ടായ തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. 

കുടവട്ടൂർ ആശാൻമുക്ക് ‘വിശാഖ’ത്തിൽ ഹരികുമാറിന്റെയും ബീനയുടെയും മകനാണ് വൈശാഖ്. സഹോദരി ശില്പ . മുത്തശ്ശിയുടെ മരണനന്തര ചടങ്ങുകൾക്കായി എത്തിയ ശേഷം ഒരു മാസം മുമ്പാണ് ജവാൻ തിരികെ പോയത്. അഞ്ച് വർഷം മുൻപാണ് സൈന്യത്തിൽ ചേര്‍ന്നത്.

Eng­lish Sum­ma­ry: Five sol­diers includ­ing Malay­alee sol­dier killed in Jam­mu Kashmir

You may like this video also

Exit mobile version