Site icon Janayugom Online

വനിതാ പ്രീമിയര്‍ ലീഗിന് അഞ്ച് ടീമുകള്‍: വില്പന 4670 കോടി

പ്രഥമവനിതാ ഐപിഎല്‍ ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചു. ആകെ 4669.99 കോടി രൂപയ്ക്കാണ് അഞ്ച് ടീമുകളുടെ ലേലം നടന്നത്. 2008ലെ ആദ്യ പുരുഷ ഐപിഎല്ലിലെ ഫ്രാഞ്ചൈസി ലേലത്തേക്കാള്‍ ഉയര്‍ന്ന തുകയാണിത്. അഹമ്മദാബാദ്, മുംബൈ, ബംഗളൂരു, ഡല്‍ഹി, ലഖ്‌നൗ എന്നീ നഗരങ്ങളാണ് അഞ്ച് ടീമുകളെ സ്വന്തമാക്കിയത്. പുരുഷ ഐപിഎല്ലിലെ ടീമുടമകളായ മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമൊപ്പം അഡാനി ഗ്രൂപ്പും കാപ്രി ഗ്ലോബലുമാണ് ടീമുകളെ സ്വന്തമാക്കിയത്. വനിതാ പ്രീമിയര്‍ ലീഗ് എന്നാകും ടൂര്‍ണമെന്റ് അറിയപ്പെടുക. 

ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 1289 കോടി രൂപയ്ക്ക് അഹമ്മദാബാദ് ടീമിനെ അഡാനി സ്പോര്‍ട്‌സ്‌ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കി. 912.99 കോടിക്ക് മുംബൈ ടീമിനെ ഇന്ത്യാവിന്‍ സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് റാഞ്ചി. ബംഗളൂരു ടീമിനെ റോയല്‍ ചലഞ്ചേഴ്‌സ് സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 901 കോടിക്കും ഡല്‍ഹി ടീമിനെ ജെഎസ്‌ഡബ്ലൂ ജിഎംആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 810 കോടിക്കും ലഖ്‌നൗ ടീമിനെ കാപ്രി ഗ്ലോബല്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ് 757 കോടി രൂപയ്ക്കും സ്വന്തമാക്കി. നേരത്തെ വനിതാ ഐപിഎല്‍ സംപ്രേഷണ അവകാശവും വലിയ തുകയ്ക്കാണ് വിറ്റുപോയത്. റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 അഞ്ച് വര്‍ഷത്തേക്ക് 951 കോടി രൂപയ്ക്ക് വനിതാ ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയിരുന്നു.

Eng­lish Summary:Five teams for Wom­en’s Pre­mier League: Sales 4670 crores
You may also like this video

Exit mobile version