എല്‍ഗാര്‍ പരിഷത് കേസില്‍ കുറ്റാരോപിതരായ സാമൂഹിക പ്രവര്‍ത്തകര്‍ വെര്‍നോണ്‍ ഗോണ്‍സാല്‍വസും അരുണ്‍ ഫെരേരയും ജയിമോചിതരായി. നീണ്ട അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിനാണ് അന്ത്യമായത്. സുപ്രീം കോടതി ജാമ്യം അനുവദിച്ച് ഒരാഴ്ചക്ക് ശേഷം എന്‍ഐഎ പ്രത്യേക കോടതി കഴിഞ്ഞദിവസം മോചന ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് നവി മുംബൈയിലെ തലോജ ജയിലില്‍ നിന്ന് ഇരുവരും ഇന്നലെ പുറത്തിറങ്ങിയത്.
ഗോണ്‍സാല്‍വസും ഫെരേരയും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എൻഐഎക്ക് ഹാജരാക്കാൻ സാധിച്ചില്ലെന്ന് 54 പേജുകളുള്ള ജാമ്യവിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
കുറ്റാരോപിതര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കത്തുകളും സാക്ഷി മൊഴികളും അടിസ്ഥാനമാക്കിയാണ് എൻഐഎ അവകാശപ്പെടുന്നത്. എന്നാല്‍ ഇവരില്‍ നിന്ന് എന്തെങ്കിലും രേഖകളോ പ്രസ്താവനകളോ പിടിച്ചെടുക്കാൻ സാധിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. സാഹിത്യകൃതികള്‍ കൈവശം സൂക്ഷിക്കുന്നത് യുഎപിഎ നിയമമനുസരിച്ചുള്ള കുറ്റകരമായി കണക്കാക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
വിചാരണക്കോടതി ഉത്തരവില്ലാതെയും പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാതെയും മഹാരാഷ്ട്രക്ക് പുറത്ത് പോകാൻ പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ഫോണ്‍ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നതടക്കം കര്‍ശനമായ വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണമെന്നും കേസ് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്നും പ്രത്യേക എൻഐഎ കോടതിയും പുതിയ ഉപാധികളും വച്ചു. വിചാരണകള്‍ക്ക് ഹാജരാകണമെന്നും എൻഐഎ കോടതി നിര്‍ദേശിച്ചു.
2018ലാണ് വെര്‍ണൻ ഗോണ്‍സാല്‍വസും അരുണ്‍ ഫെരേരയും അറസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. കേസില്‍ 16 പേരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ നേരത്തെ ജയില്‍ മോചിതരായിരുന്നു. ആക്ടിവിസ്റ്റ് ആനന്ദ് തെല്‍തുംബ്ഡെ, അഭിഭാഷക സുധാ ഭരദ്വാജ് എന്നിവര്‍ക്ക് സ്ഥിരമായും കവി വരവര റാവുവിന് ആരോഗ്യകാരണങ്ങളാലും ജാമ്യം അനുവദിച്ചിരുന്നു. കുറ്റാരോപിതനായ ഗൗതം നവ്‌ലഖെ സുപ്രീം കോടതി ഉത്തരവ് പ്രകാരം വീട്ടുതടങ്കലിലാണ്. സ്ഥിരജാമ്യം തേടി നവ്‌ലഖെ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി 2021 ജൂലൈയില്‍ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞു.
English Summary: Five-year jail term ends: Vernon Gonsalves and Arun Ferreira freed
You may also like this video

