Site iconSite icon Janayugom Online

അഞ്ചു വയസ്സുകാരനെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടി; സ്കൂൾ അധികൃതർ പ്രതിഷേധത്തിൽ

അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പ്രീ-സ്കൂൾ വിദ്യാർത്ഥിയായ ലിയാം റാമോസിനെ ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരെ പിന്നീട് ടെക്സസിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി.

വീട്ടിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാൻ ലിയാമിനെക്കൊണ്ട് വാതിലിൽ മുട്ടിച്ചതായും, കുട്ടിയെ ഉദ്യോഗസ്ഥർ ഒരു ‘ഇര’ (bait) ആയി ഉപയോഗിച്ചതായും സ്കൂൾ സൂപ്രണ്ട് സീന സ്റ്റെൻവിക് ആരോപിച്ചു.

ലിയാമിന്റെ കുടുംബത്തിന് നിലവിൽ അഭയാർത്ഥി അപേക്ഷ (Asy­lum case) നിലവിലുണ്ടെന്നും അവർ നിയമവിരുദ്ധമായല്ല രാജ്യത്ത് കഴിയുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി. അവർ കുറ്റവാളികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ സ്കൂൾ ഡിസ്ട്രിക്റ്റിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്ന നാലാമത്തെ കുട്ടിയാണ് ലിയാം. പത്തു വയസ്സുകാരിയും ഇതിൽ ഉൾപ്പെടുന്നു.

സായുധരായ ഉദ്യോഗസ്ഥർ കുട്ടികളെ പിടികൂടുന്നത് വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും വലിയ ഭീതിയും മാനസികാഘാതവും ഉണ്ടാക്കുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു. മിനസോട്ടയിൽ ഇമിഗ്രേഷൻ പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ.

Exit mobile version