ജപ്പാനില്‍ സ്കീ ട്രാവലറിൽ കുടുങ്ങി അഞ്ച് വയസ്സുകാരൻ മരിച്ചു. പ്രശസ്തമായ അസാരിഗാവ ഒൻസെൻ സ്കീ റിസോർട്ടിൽ ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സപ്പോറോ സ്വദേശിയായ ഹിനാറ്റ ഗോട്ടോ(5) ആണ് മരിച്ചത്. പാർക്കിംഗ് ഏരിയയിൽ നിന്ന് സ്കീയിംഗ് നടത്തുന്ന സ്ഥലത്തേക്ക് യാത്രക്കാരെ എത്തിക്കുന്ന ചലിക്കുന്ന പാതയിലൂടെ സഞ്ചരിക്കവേയായിരുന്നു അപകടം. ട്രാവലേറ്ററിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കവേ ബാലൻ കാൽ വഴുതി വീഴുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ വലതു കൈ യന്ത്രത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. യന്ത്രത്തിൽ എന്തെങ്കിലും കുടുങ്ങിയാൽ സ്വയം നിലയ്ക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവ പ്രവർത്തിച്ചില്ല. ഒടുവിൽ കുട്ടിയുടെ അമ്മ ഓടിയെത്തി എമർജൻസി സ്റ്റോപ്പ് ബട്ടൺ അമർത്തിയപ്പോഴാണ് യന്ത്രം നിന്നത്.
ഏകദേശം 40 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിൽ യന്ത്രഭാഗങ്ങൾ അഴിച്ചുമാറ്റിയാണ് രക്ഷാപ്രവർത്തകർ കുട്ടിയെ പുറത്തെടുത്തത്. അപ്പോഴേക്കും കുട്ടി ബോധരഹിതനായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് വർഷം മുമ്പ് സ്ഥാപിച്ച ഈ ട്രാവലേറ്ററിന് ഹാൻഡ് റെയിലുകൾ ഉണ്ടായിരുന്നില്ല. സുരക്ഷാ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണിയിലോ നിർമ്മാണത്തിലോ വന്ന വീഴ്ചയാണോ അപകടകാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ റിസോർട്ട് അധികൃതർ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

