Site iconSite icon Janayugom Online

കാൻസര്‍ മാറാൻ അഞ്ചു വയസ്സുകാരനെ മാതാപിതാക്കള്‍ ഗംഗാനദിയില്‍ മുക്കി; കുട്ടി മരിച്ചു, കേസെടുത്ത് പൊലീസ്

രക്താര്‍ബുദം മാറാനായി അഞ്ചു വയസ്സുകാരനെ മാതാപിതാക്കള്‍ ഗംഗാനദിയില്‍ പലതവണകളായി ദീര്‍ഘനേരം മുക്കിയതിനേത്തുടർന്ന് കുട്ടി മരിച്ചു. സംഭവത്തിൽ മതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിയെ വീണ്ടും വീണ്ടും നദിയില്‍ മുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്നുള്ള ദമ്പതികളുടെ കുട്ടിയാമ് മരിച്ചത്. ദീര്‍ഘനേരം കുട്ടിയെ വെള്ളത്തില്‍ മുക്കിത്താഴ്ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നിരവധി ആളുകള്‍ ദമ്പതികളോടും കൂടെയുണ്ടായിരുന്ന ബന്ധുവിനോടും ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കുട്ടിയുടെ അമ്മയടക്കമുള്ളവര്‍ ഇത് വകവെച്ചില്ല. തുടര്‍ന്ന് ചിലര്‍ ബലംപ്രയോഗിച്ച് കുട്ടിയെ എടുത്തുകൊണ്ടുപോകുന്നത് വീഡിയോയില്‍ കാണാം.

കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കടുത്ത ശൈത്യത്തില്‍ തണുത്തുറഞ്ഞ നദിയില്‍ കുട്ടിയെ ദീര്‍ഘനേരം മുക്കിയതാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

കുട്ടിയുടെ അമ്മയടക്കം മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുമായി മാതാപിതാക്കളും ബന്ധുവായ സ്ത്രീയും ബുധനാഴ്ചയ രാവിലെയാണ് ഹരിദ്വാറിലേക്കെത്തിയത്.

‘കുട്ടി ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ അർബുദ ചികിത്സയിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഒടുവില്‍ ഡോക്ടര്‍മാര്‍ ഉപേക്ഷിച്ചു, കുട്ടിയെ രക്ഷിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. ഇനി ഗംഗാ നദിക്ക് മാത്രമേ കുട്ടിയെ സുഖപ്പെടുത്താന്‍ കഴിയൂ എന്ന് പറഞ്ഞാണ് കുട്ടിയുമായി കുടുംബം എത്തിയത്’, ഹരിദ്വാര്‍ സിറ്റി പോലീസ് മേധാവി സ്വതന്ത്ര കുമാര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Five-year-old Del­hi boy dies after fam­i­ly dips him in Gan­ga to ‘cure’ blood cancer
You may also like this video

Exit mobile version