Site icon Janayugom Online

അഞ്ച് വര്‍ഷം: 2.75 ലക്ഷം കുട്ടികളെ കാണാതായി

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2.75 ലക്ഷം കുട്ടികളെ രാജ്യത്ത് കാണാതായിട്ടുണ്ടെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം. ഇതില്‍ 2.40 ലക്ഷം കുട്ടികളെ കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
2018 മുതല്‍ കാണാതായ ഇത്രയും കുട്ടികളില്‍ 2.12 ലക്ഷം പെണ്‍കുട്ടികളാണ്. കണ്ടെത്തിയ 2.40 ലക്ഷത്തില്‍ 1.73 ലക്ഷം പെണ്‍കുട്ടികളുണ്ട്.

പട്ടികയില്‍ ഒന്നാമത് മധ്യപ്രദേശ് ആണ്. 49,024 പെണ്‍കുട്ടികളെയും 12,075 ആണ്‍കുട്ടികളെയും മധ്യപ്രദേശില്‍ നിന്നും കാണാതായി. 49, 129 കുട്ടികളെ കാണാതായ പശ്ചിമബംഗാള്‍ ആണ് രണ്ടാം സ്ഥാനത്ത്. 41,808 പെൺകുട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ചു വര്‍ഷത്തിനിടെ 27,538 കുട്ടികളെ കാണാതായതോടെ കര്‍ണാടകയാണ് പട്ടികയില്‍ മൂന്നാമതുള്ളത്. 18,893 പെൺകുട്ടികളെയും 8,632 ആൺകുട്ടികളെയും സംസ്ഥാനത്ത് നിന്നും കാണാതായി. 

കാണാതാവുകയും കണ്ടെത്തുകയും ചെയ്ത കുട്ടികള്‍ക്കായി ട്രാക്ക് ചൈല്‍ഡ് പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പോര്‍ട്ടലിനായി നടപടിക്രമങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. 

Eng­lish Sum­ma­ry: Five years: 2.75 lakh chil­dren missing

You may also like this video

Exit mobile version