Site iconSite icon Janayugom Online

അഞ്ച് വര്‍ഷം: നോട്ടയ്ക്ക് ലഭിച്ചത് 1.29 കോടി വോട്ടുകള്‍

രാ‍‍‍ജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നടന്ന പൊതു തെരഞ്ഞെടുപ്പുകളിൽ 1.29 കോടി ആളുകൾ നോട്ടയ്ക്ക് വോട്ട് കുത്തിയെന്ന് കണക്കുകള്‍. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), നാഷണല്‍ ഇലക്ഷന്‍ വാച്ച് എന്നീ സംഘടനകളാണ് കണക്കുകള്‍ പുറത്തുവിട്ടത്. 

2018 മുതല്‍ 2022 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ ആകെ 65,23,975 (1.06 ശതമാനം) വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചു. ഇതില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് 64,53,652 ആളുകൾ നോട്ടയ്ക്ക് വോട്ടുകുത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ​ഗോപാൽ​ഗഞ്ച് മണ്ഡലത്തിൽ നിന്ന് മാത്രം നോട്ടയ്ക്ക് ലഭിച്ചത് 51,660 വോട്ടുകളാണ്. ഏറ്റവും കുറവ് വോട്ട് ലക്ഷദ്വീപിൽ നിന്നാണ്. നൂറ് വോട്ടർമാരാണ് നോട്ട തെരഞ്ഞെടുത്തിരിക്കുന്നത്. 

കഴിഞ്ഞ അഞ്ച് വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 2020 ലാണ് നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. ബിഹാറിൽ 7,49,360 ആളുകള്‍ നോട്ട തെരഞ്ഞെടുത്തു. 2022 ല്‍ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടപ്പുകളില്‍ 0.70 ശതമാനം വോട്ടുകൾ മാത്രമാണ് നോട്ടയ്ക്ക് ലഭിച്ചിട്ടുള്ളത്. 2019ല്‍ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ 7,42,134 പേര്‍ നോട്ട തെരഞ്ഞെടുത്തു. അതേസമയം മിസോറമില്‍ 2917 പേര്‍ മാത്രമാണ് നോട്ടയ്ക്ക് വോട്ട് ചെയ്തത്. 2018 ല്‍ നടന്ന ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിലായിരുന്നു നോട്ട ഏറ്റവുമധികം വോട്ട് വിഹിതം കരസ്ഥമാക്കിയത്. 1.98 ശതമാനം പേരാണ് നോട്ടയ്ക്ക് വോട്ടുകുത്തിയത്. 

Eng­lish Summary:Five years: NOTA got 1.29 crore votes
You may also like this video

Exit mobile version