1931 മാര്‍ച്ച് 23ന് ഭഗത്‌സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നീ മൂന്ന് വിപ്ലവകാരികളെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുമ്പോള്‍ ലക്ഷോപലക്ഷം യുവാക്കളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ഇന്‍ക്വിലാബുകള്‍ക്കൊപ്പം തിളച്ചുമറിഞ്ഞത് അടക്കാനാവാത്ത കോപാഗ്നി കൂടിയായിരുന്നു. ആത്മാര്‍ത്ഥമായി വിചാരിച്ചിരുന്നുവെങ്കില്‍ ഈ വിപ്ലവകാരികളെ തൂക്കുകയറില്‍ നിന്നും രക്ഷിക്കാന്‍ മഹാത്മാഗാന്ധിക്കും കോണ്‍ഗ്രസിനും കഴിയുമായിരുന്നു എന്നു വിശ്വസിക്കുന്നവരായിരുന്നു ഏറെയും. ഇതിനെതിരായ അമര്‍ഷം പലരും ശക്തമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നും അതൊരു കരിനിഴലായി പലരുടെയും മനസുകളില്‍ ശേഷിക്കുന്നു.
ഗാന്ധി-ഇര്‍വിന്‍ ഉടമ്പടിയില്‍ ഭഗത്‌സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ മോചനം വ്യവസ്ഥകളില്‍ ഉള്‍ക്കൊള്ളിക്കാനോ പ്രധാന ആവശ്യങ്ങളില്‍ ഒന്നായി ഉന്നയിക്കാനോ ഗാന്ധിജി ശ്രമിച്ചില്ല എന്നാണ് വിമര്‍ശനം. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് 1931 മാര്‍ച്ച് അഞ്ചിന് ഗാന്ധിജിയും ഇര്‍വിന്‍ പ്രഭുവും കരാറില്‍ ഒപ്പുവച്ചത്. കരാര്‍പ്രകാരം സിവില്‍ നിയമലംഘന പ്രസ്ഥാനം നിര്‍ത്തിവയ്ക്കാനും രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാനും ഗാന്ധിജി സമ്മതിച്ചു. നിയമലംഘന കാലത്ത് അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത തടവുകാരെയെല്ലാം വിട്ടയയ്ക്കുമെന്നും തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് അവരുടെ ആവശ്യാര്‍ത്ഥം ഉപ്പുണ്ടാക്കാന്‍ അനുവദിക്കാമെന്നും വൈസ്രോയിയും സമ്മതിച്ചു. ഇന്ത്യക്കാര്‍ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കുമെന്ന ഉറപ്പ് ബ്രിട്ടീഷുകാര്‍ നല്കിയില്ല. അതേക്കുറിച്ച് ചര്‍ച്ചയാകാമെന്ന ധാരണമാത്രം ഉണ്ടായി.
ഈ ഉടമ്പടിക്ക് മുമ്പ് ഗാന്ധിജിയും ഇര്‍വിനുമായി എട്ടു പ്രാവശ്യം ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നാണ് ചരിത്രരേഖകള്‍. മദ്യനിരോധനം, ഉപ്പുണ്ടാക്കാനുള്ള അവകാശം തുടങ്ങിയ ആവശ്യങ്ങളുടെ കൂട്ടത്തില്‍ പ്രധാനമായിരുന്നു രാഷ്ട്രീയത്തടവുകാരെ യാതൊരു ഉപാധിയും കൂടാതെ വിട്ടയയ്ക്കണമെന്നതും. എന്നാല്‍ അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടാത്ത രാഷ്ട്രീയത്തടവുകാര്‍ എന്ന വിവക്ഷയെ ഗാന്ധിജി എതിര്‍ത്തില്ല എന്നു കരുതണം. പ്രധാനമായും ഭഗത്‌സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും ഉദ്ദേശിച്ചാവണം ബ്രിട്ടീഷുകാര്‍ ഇതില്‍ ഉറച്ചുനിന്നതെന്നും കരുതാവുന്നതാണ്. പക്ഷെ, ഇവര്‍ക്കുവേണ്ടി ഗാന്ധിജി ഇര്‍വിനോട് പലവട്ടം സംസാരിച്ചിട്ടുണ്ടായിരുന്നുവെന്നു വ്യക്തമാണ്. വൈസ്രോയിയില്‍ നിന്നും ഇളവുകള്‍ ഉണ്ടാവുമെന്ന് ഗാന്ധിജി പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു.
ഇതുകൂടി വായിക്കൂ: ആരോഗ്യമേഖലയിലെ ചൂഷണം
ഉപ്പുസത്യഗ്രഹ സമരത്തോടെ കോണ്‍ഗ്രസിന്റെ സഹകരണമില്ലാതെ ഭരണപരിഷ്കരണങ്ങള്‍ വ്യര്‍ത്ഥമാണെന്ന ബോധ്യത്തില്‍ നിന്നായിരുന്നു കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചതും 1931 ജനുവരിയില്‍ ഗാന്ധിജിയെ ജയിലില്‍ നിന്നു മോചിപ്പിച്ചതും. ഇര്‍വിനുമായി ഏറെക്കുറെ നല്ല സഹകരണത്തിലായിരുന്ന ഗാന്ധിജി കാര്യമായി ഇടപെട്ടിരുന്നെങ്കില്‍ ഭഗത്‌സിങ്ങിനെയും മറ്റ് സഖാക്കളെയും രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്ന് കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ ഗാന്ധിജിയല്ല വൈസ്രോയിയെന്നും ഇനി വൈസ്രോയിയായ ഇര്‍വിന്‍ പ്രഭു വിചാരിച്ചാലും ബ്രിട്ടനിലുള്ള ഭരണക്കാര്‍ സമ്മതിക്കുമായിരുന്നില്ല എന്ന് മറുവാദവുമുണ്ട്.
ഇന്ത്യക്ക് സ്വയംഭരണം നല്‍കുമെന്ന് 1929ല്‍ ഇര്‍വിന്‍ പ്രഭു പ്രഖ്യാപിച്ചിരുന്നു. ഇത് ഉടമ്പടിയില്‍ ഉള്‍പ്പെടാതെ വന്നതോടൊപ്പം തന്നെ ഭഗത്‌സിങ് തുടങ്ങിയ വിപ്ലവകാരികളോടുള്ള പകയും കാണേണ്ടതാണ്. 1931 ഡിസംബറില്‍ ലണ്ടനില്‍ നടന്ന രണ്ടാം വട്ടമേശ സമ്മേളനമാവട്ടെ പരാജയപ്പെടുകയും ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി 1932 ജനുവരിയില്‍ നിസഹകരണ പ്രസ്ഥാനം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഭഗത്‌സിങ്ങും അദ്ദേഹത്തിന്റെ കുടുംബവും മുമ്പ് ഗാന്ധിജിയുടെ ആദര്‍ശങ്ങളോട് കൂറുപുലര്‍ത്തുകയും ഗാന്ധിജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിസഹകരണ പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയും ചെയ്തു.
1919ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയും 1921ലെ നിരായുധരായ അകാലികള്‍ക്കെതിരായ അതിക്രമവും വളരെ ചെറുപ്പമായിരുന്ന ഭഗത്‌സിങ്ങിനെ ദേശാഭിമാനിയാക്കി. എന്നാല്‍ ചൗരിചൗരാ സംഭവത്തെ തുടര്‍ന്നുള്ള ഗാന്ധിജിയുടെ നിലപാടിനോട് പ്രതിഷേധിച്ചാണ് ഭഗത്‌സിങ് വിപ്ലവമാര്‍ഗത്തിലേക്ക് തിരിയുന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ ശക്തമായ വികാരം ഭഗത്‌സിങ്ങില്‍ വളര്‍ത്തുന്നതിന് സോവിയറ്റ് യൂണിയന്റെ വളര്‍ച്ചയും ലെനിന്റെ പ്രായോഗിക നിലപാടുകളും വളരെയേറെ പ്രചോദനമായി.
ലാലാ ലജ്പത് റായിയുടെ മരണത്തിനുത്തരവാദിയായ ബ്രിട്ടീഷ് പൊലീസ് സൂപ്രണ്ട് സ്കോട്ടിനെ വകവരുത്താനുള്ള ഉദ്യമത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ട അസിസ്റ്റന്റ് സൂപ്രണ്ട് സാന്റേഴ്സണിന്റെ കൊലപാതകമാണ് പ്രധാനമായും ഭഗത്‌സിങ്ങിനെതിരെയുള്ള ബ്രിട്ടീഷ് വിരോധത്തിന്റെ കാരണങ്ങളിലൊന്ന്. എന്നാല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ഭഗത്‌സിങ്ങിന്റെയും മറ്റ് സഖാക്കളുടെയും ശക്തവും തീവ്രവുമായ പോരാട്ടങ്ങളെ ഏറ്റവും ഗൗരവമായിട്ടാണ് ബ്രിട്ടീഷുകാര്‍ കണ്ടത്. ഇവരെ വകവരുത്തുക എന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന ബ്രിട്ടീഷ് നിലപാട് വിജയിപ്പിക്കുന്നതിന് അവര്‍ തന്ത്രപൂര്‍വം കരുക്കള്‍ നീക്കി. ഒരുപക്ഷെ, ഇതിനെ മറികടക്കുന്നതിന് ഗാന്ധിജിക്കും കഴിയാതെ പോയതാവാം ഗാന്ധി-ഇര്‍വിന്‍ ഉടമ്പടിയുടെ ഭാഗമായിട്ടോ അല്ലാതെയോ ഭഗത്‌സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും രക്ഷിക്കുന്നതില്‍ ഉറച്ച നിലപാടെടുക്കാന്‍ കഴിയാതിരുന്നത്.
ഇതുകൂടി വായിക്കൂ: ആരോഗ്യമേഖലയിലെ ചൂഷണം
ഇന്ത്യാചരിത്രവും രാഷ്ട്രീയവും പഠിക്കുന്നവര്‍ ഇനിയും കണ്ടെത്തേണ്ടുന്ന ഒരുപാട് വിശകലനങ്ങള്‍ ഭഗത്‌സിങ്ങിനെയും ഇന്ത്യന്‍ വിപ്ലവപാരമ്പര്യത്തെയും കുറിച്ച് ശേഷിക്കുന്നുണ്ട് എന്നു തോന്നുന്നു. കാരണം, വളരെ ചെറുപ്രായത്തില്‍ അതായത് വെറും 23 വയസു മാത്രം പ്രായമുണ്ടായിരുന്ന ഒരു ഇന്ത്യന്‍ വിപ്ലവകാരിക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുമായിരുന്നോ എന്നതുതന്നെ ഏറ്റവും ആശ്ചര്യകരമായ വസ്തുത. ഇത്രയും ദീര്‍ഘവീക്ഷണവും പക്വതയും എന്നാല്‍ അതിലേറെ യുക്തിഭദ്രമായ വിശാല വീക്ഷണവും ഇത്ര ചെറുപ്രായത്തില്‍ കൈമുതലാക്കി തന്റെ ജീവിതത്തില്‍ തെളിയിച്ചുകൊടുക്കാന്‍ ലോകചരിത്രത്തില്‍ മറ്റാര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്നത് നിശ്ചയമായും പരിശോധിക്കപ്പെടേണ്ടതാണ്. ആവേശപൂര്‍വം സമരങ്ങളില്‍ എടുത്തുചാടി ബ്രിട്ടീഷ് തൂക്കുമരത്തില്‍ വീരമൃത്യുവരിച്ച ഒരു ധീരോദാത്തന്‍ എന്ന നിലയിലാണ് പൊതുവെ ഭഗത്‌സിങ്ങിനെ പലരും കാണുന്നത്. എന്നാല്‍ ഇതിനപ്പുറം ഭഗത്‌സിങ്ങിന്റെ മാനസികശക്തിയുടെ തീവ്രത എത്രത്തോളം പരിപക്വമായിരുന്നുവെന്ന് അന്വേഷിച്ചറിയേണ്ടതാണ്.
കാള്‍മാര്‍ക്സും ഫ്രെഡറിക് ഏംഗല്‍സും വ്ലാഡ്‍മിര്‍ ഇലിയിച്ച് ലെനിനും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാതയില്‍ വരച്ചുകാട്ടിയത് ഒരാളില്‍ മൂര്‍ത്തമായി ചിത്രീകരിക്കാന്‍ കഴിയുമെങ്കില്‍ അത് ഭഗത്‌സിങ്ങില്‍ തെളിഞ്ഞു വരുമെന്ന് നിസംശയം പറയാം. കാരണം, അടിച്ചമര്‍ത്തലിനെതിരായ അനിവാര്യമല്ലാത്ത ഒരക്രമത്തെയും ഭഗത്‌സിങ് അനുകൂലിച്ചിരുന്നില്ല. വെറും അതിര്‍ത്തികള്‍ക്കുള്ളിലെ ഇടുങ്ങിയ രാജ്യസ്നേഹമായിരുന്നില്ല ഭഗത്‌സിങ്ങിന്റേത്. കാലങ്ങളോളം ഒരു ജനതയെ അടക്കിവാണ, പീഡനങ്ങളും അടിച്ചമര്‍ത്തലുകളും തുടര്‍ക്കഥയാക്കിയ സാമ്രാജ്യത്വവാഴ്ചയെ നിലനിര്‍ത്തുന്ന ഒരു ദൈവത്തെയും ഭഗത്‌സിങ് അംഗീകരിച്ചില്ല.
ഇതുകൂടി വായിക്കൂ: ആരോഗ്യമേഖലയിലെ ചൂഷണം
ഇടുങ്ങിയ അതിര്‍വരമ്പുകള്‍ക്കപ്പുറം വിശ്വമാനവികതയെയും പ്രപഞ്ചസത്യത്തെയും ഹൃദയത്തിലുള്‍ക്കൊണ്ട അസാധാരണ പ്രകൃതിസ്നേഹിയായിരുന്നു ഭഗത്‌സിങ്.
1931 മാര്‍ച്ച് 24ന് നിശ്ചയിച്ച സമയത്തിനും 11 മണിക്കൂറുകള്‍ക്കുമുമ്പ് 23ന് വൈകിട്ട് 7.30ന് ഭഗത്‌സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും തൂക്കിക്കൊന്ന ‘വീരഗാഥ’യാണ് ബ്രിട്ടീഷുകാരുടേത്. തൂക്കിലേറ്റാന്‍ നിശ്ചയിച്ചതിനു മണിക്കൂറുകള്‍ക്ക് മുമ്പെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിച്ച ഗാന്ധിജിയും ഞെട്ടിത്തരിച്ചുപോയി. നേരത്തെ, ഇവരെ മൂവരെയും ജയിലില്‍ പോയിക്കണ്ട, കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന് ഇത് വിശ്വസിക്കാനായില്ല. ഭഗത്‌സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്നതില്‍ ഗാന്ധിജിക്കെതിരെ സുഭാഷ് ചന്ദ്രബോസ് പൊട്ടിത്തെറിച്ചു. ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷെ, എന്തായിരിക്കുമായിരുന്നു ഇന്ത്യന്‍ ചരിത്രം? അവസാനനേരവും ഇനിയൊരു നാളെയും തനിക്കു മുമ്പിലില്ലായെന്നറിഞ്ഞിട്ടും ലെനിന്റെ ഗ്രന്ഥം ആവേശപൂര്‍വം വായിച്ചുതീര്‍ക്കാന്‍ വ്യഗ്രത കാട്ടിയ ഭഗത്‌സിങ്ങിന്റെ ഹൃദയത്തുടിപ്പ് ഏത് വിപ്ലവകാവ്യത്തിനു പറയാന്‍ കഴിയും? കാലങ്ങള്‍ കഴിയുംതോറും കാലാതീത യൗവനത്തില്‍ മിന്നിത്തിളങ്ങുകയാണ് മൂവരും.