Site iconSite icon Janayugom Online

ഫ്ലാറ്റ് തട്ടിപ്പ് കേസ്: ധന്യ മേരി വർഗീസ് ഹാജരാകണം

സാംസൺ ബിൽഡേഴ്സ് ഫ്ലാറ്റ് നിർമ്മാണ വഞ്ചനാ കേസിൽ നടി ധന്യ മേരി വർഗീസ് ഉള്‍പ്പെടെ നാല് പ്രതികള്‍ ഹാജരാകണമെന്ന് കോടതി ഉത്തരവ്. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ധന്യയുടെ ഭർത്താവ് ജോൺ ജേക്കബ്, ഭർതൃ സഹോദരൻ സാമുവൽ ജേക്കബ്ബ്, ഭര്‍തൃപിതാവ് ജേക്കബ് സാംസൺ, ധന്യ മേരി വര്‍ഗീസ് എന്നിവരാണ് ഫ്ലാറ്റ് തട്ടിപ്പു കേസിലെ ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406 (വിശ്വാസ ലംഘനം), 420 (ചതിക്കൽ, കബളിപ്പിക്കപ്പെട്ടയാളെ വിശ്വാസ വഞ്ചന ചെയ്ത് പണം കൈക്കലാക്കൽ), 34 ( പൊതു ഉദ്ദേശ്യ കാര്യ സാധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ വകുപ്പുകളിലാണ് കേസ്. 

2014 ൽ മരപ്പാലത്ത് നോവ കാസിൽ എന്ന പേരിൽ ഫ്ലാറ്റ് നിർമ്മിച്ച് പൂർത്തീകരിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് 2011 മുതൽ എൺപതോളം പേരിൽനിന്നായി കോടിക്കണക്കിന് രൂപ വാങ്ങിയെന്നാണ് കേസ്. ധന്യയുടെ ഭര്‍ത്താവിന്റെയും ഭര്‍തൃപിതാവിന്റെയും ഉടമസ്ഥതയിലുള്ള സാംസൺ ആന്റ് സൺസ് ബിൽഡേഴ്സ് ഡവലപ്പേഴ്സ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഈ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ധന്യ മേരി വർഗീസ്. 

2014ൽ പണി പൂർത്തിയാക്കി നൽകാമെന്നായിരുന്നു ഇവർ നൽകിയിരുന്ന വാഗ്ദാനം. എന്നാൽ പറഞ്ഞ സമയത്ത് ഫ്ലാറ്റ് ലഭിക്കാതിരുന്നതിനെ തുടർന്നാണ് പണം നൽകിയ 80 ഓളം പേർ പൊലീസിനെ സമീപിച്ചത്. തിരുവനന്തപുരത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

Eng­lish Summary:Flat con­struc­tion fraud case: Dhanya Mary Vargh­ese to appear
You may also like this video

YouTube video player
Exit mobile version