അനുമതിയില്ലാതെ ഫ്ലാറ്റ് നിർമിച്ച് വിൽപ്പന നടത്തി ഉപഭോക്താവിനെ കബളിപ്പിക്കാൻ ശ്രമിച്ച ഫ്ലാറ്റ് നിർമ്മാണ കമ്പനിക്ക് 2,85,000 രൂപ പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കമ്മീഷൻ പ്രസിഡന്റ് ഡി ബി ബിനു, മെമ്പർമാരായ വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് പിഴ വിധിച്ചത്.
പരാതിക്കാരൻ എറണാകുളം വൈറ്റില സ്വദേശി ജേക്കോ ആന്റണി, ഗാലക്സി ഹോംസ് എന്ന സ്വകാര്യ നിർമാണ കമ്പനിയുടെ കെട്ടിടത്തിലെ ഒൻപതാമത്തെ നിലയിൽ രണ്ട് കിടപ്പുമുറികൾ അടങ്ങുന്ന ഫ്ലാറ്റ് 2017 ജൂൺ മാസത്തിലാണ് ബുക്ക് ചെയ്തത്. ബുക്കിങ് ഫീസായി 25,000 രൂപയും പിന്നീട് ബുക്കിങ് നിബന്ധനകൾ പ്രകാരം ഏഴ് ലക്ഷം രൂപയും നൽകി. ഒൻപത് നിലകൾ നിർമിക്കുന്നതിനുള്ള സാധുവായ അനുമതികളുമുണ്ടെന്നും ബാങ്ക് വായ്പയ്ക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നും കമ്പനി ഉപഭോക്താവിന് ഉറപ്പ് നൽകിയിരുന്നു.
പിന്നീട് പരാതിക്കാരൻ ഹോം ലോണിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് ഏഴാംനില വരെ പണിയുന്നതിന് മാത്രമാണ് നിർമാണ കമ്പനിക്ക് കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കിയത്. ഇക്കാരണത്താൽ ബാങ്ക് ലോൺ നിരസിക്കപ്പെട്ടു. ഇതോടെ, മുൻകൂറായി നൽകിയ തുക തിരികെ ആവശ്യപ്പെട്ട് പരാതിക്കാരൻ കമ്പനിയെ സമീപിച്ചു. മുൻകൂർ തുകയായി നൽകിയ 7,25,000 രൂപയിൽ രൂപയിൽ 5 ലക്ഷം രൂപ മാത്രമാണ് ആവർത്തിച്ചുള്ള ആവശ്യപ്പെടലുകൾക്കും നോട്ടീസുകൾക്കും ശേഷം പല ഗഡുക്കളായി കമ്പനി തിരികെ നൽകിയത്.
നിർമാണ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ അധാർമിക വ്യാപാര രീതിയും ചൂഷണവും ബോധ്യമായ സാഹചര്യത്തിലാണ് പരാതിക്കാരൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. പിഴത്തുക ബുക്കിങ് തീയതി മുതൽ ഒൻപത് ശതമാനം പലിശ കണക്കാക്കി 30 ദിവസത്തിനകം പരാതിക്കാരന് നൽകാനും ഉത്തരവിട്ടു. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് മീര രാജൻ ഹാജരായി.
English summary;Flat construction without permission; Galaxy Homes heavily fined
you may also like this video;