Site iconSite icon Janayugom Online

കരാറിലെ പിഴവ്: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് 24 കോടി നഷ്ടം

റിലയന്‍സുമായുള്ള സ്പോണ്‍സര്‍ഷിപ്പ് കരാറിലെ പിഴവ് കാരണം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) 24 കോടി നഷ്ടമെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. രാജ്യാന്തര കായിക മത്സരങ്ങളില്‍ രാജ്യത്തെ അത‍്‍ലറ്റ് സംഘത്തെ നിയന്ത്രിക്കുന്നത് ഐഒഎ ആണ്. പി ടി ഉഷയാണ് നിലവില്‍ അസോസിയേഷന്‍ പ്രസിഡന്റ്. 2022, 26 ഏഷ്യന്‍ ഗെയിംസ്, അതേവര്‍ഷങ്ങളിലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, 2024ലെ പാരിസ് ഒളിമ്പിക്സ്, 2028ലെ ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സ് എന്നീ കായിക മാമാങ്കങ്ങളില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഔദ്യോഗിക പങ്കാളിയാകാന്‍ റിലയന്‍സ് ഇന്ത്യക്ക് കരാര്‍ നല്‍കിയതായി സെപ്റ്റംബര്‍ 12ലെ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ പ്രകാരം ഈ കായിക മേളകളില്‍ രാജ്യത്തിന്റെ സംസ്കാരം, ആതിഥ്യമര്യാദ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ‘ഇന്ത്യ ഹൗസ്’ എന്ന പവലിയന്‍ നിര്‍മ്മിക്കാനുള്ള അവകാശവും റിലയന്‍സിന് നല്‍കി.

2023 ഡിസംബര്‍ അഞ്ചിന് ഒപ്പുവച്ച സ്പോണ്‍സര്‍ഷിപ്പ് കരാറില്‍, നാല് കായിക മേളകളുടെ അധിക അവകാശം കൂടി റിലയന്‍സിന് നല്‍കി, എന്നാല്‍ തുകയില്‍ മാറ്റംവരുത്തിയില്ല. ഐഒസിയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയാണിതെന്ന് സിഎജി പറയുന്നു.
കണക്കനുസരിച്ച് സ്പോണ്‍സര്‍ഷിപ്പ് തുക 35 കോടിയില്‍ നിന്ന് 59 കോടിയായി ഉയര്‍ത്തേണ്ടതായിരുന്നു. ഐഒസി അ­തില്‍ വീഴ്ചവരുത്തിയത് വഴി 24 കോടി നഷ‍്ടം സംഭവിച്ചെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. പി ടി ഉഷയോട് സിഎജി മറുപടി തേടിയിട്ടുണ്ട്. ടെൻഡറിലെ പിഴവ് കാരണം കരാറിനെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്തതായി പി ടി ഉഷയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് അജയ‍് കുമാര്‍ നാരംഗ് പറഞ്ഞു. 2022ല്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ റിയലന്‍സ് ഇന്ത്യ ഹൗസ് എന്നാണ് ചേര്‍ത്തത്. തൊട്ടടുത്ത വര്‍ഷം ഐഒസി വ്യവസ്ഥകള്‍ മാറ്റുകയും സ്പോണ്‍സര്‍ക്ക് പേരുപയോഗിക്കാനാകില്ലെന്ന് അറിയിക്കുകയും ചെയ്തു. 

ഇതോടെ റിലയന്‍സ് ഐഒസിയോട് സംസാരിക്കുകയും നഷ‍്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് പറയുകയും ചെയ്തതോടെയാണ് നാല് ഇവന്റുകളുടെ പങ്കാളിത്തം ഇതേ തുകയ്ക്ക് നല്‍കിയതെന്നും നാരംഗ് വ്യക്തമാക്കി. എന്നാല്‍ കരാറിലെ ഭേദഗതിയെക്കുറിച്ച് എക്സിക്യൂട്ടീവ് കൗണ്‍സിലിനോടും സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയോടും കൂടിയാലോചിച്ചിട്ടില്ലെന്ന് ഐഒസി ട്രഷറര്‍ സഹദേവ് യാദവ് പറഞ്ഞു. റിലയന്‍സ് നേട്ടമുണ്ടാക്കിയത് എക്സിക്യൂട്ടീവ് ബോര്‍ഡിന്റെയോ, ധനകാര്യ കമ്മിറ്റിയുടെയോ, സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയുടെയും അറിവില്‍ ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
പാരിസില്‍ തന്റെ അടക്കം പ്രശ്നങ്ങളില്‍ ഇടപെടാതെ സെല്‍ഫി എടുത്ത് പ്രചരിപ്പിക്കുക മാത്രമാണ് പി ടി ഉഷ ചെയ്തതെന്ന വിനേഷ് ഫോഗട്ടിന്റെ അടക്കം ആരോപണം കായിക ലോകത്തെ പിടിച്ചുലയ്ക്കുമ്പോഴാണ് പ്രസിഡന്റിനെതിരെ പുതിയ ആക്ഷേപം ഉയര്‍ന്നുവരുന്നത്.

Exit mobile version