ബംഗ്ലാദേശിനും പാകിസ്ഥാനും ഇടയിൽ 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം ധാക്കയിൽ നിന്നുള്ള വിമാനം കറാച്ചിയിൽ ഇറങ്ങിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമബന്ധം ഔദ്യോഗികമായി പുനഃസ്ഥാപിക്കപ്പെട്ടു. വ്യാഴാഴ്ചയും ശനിയാഴ്ചയുമായി ആഴ്ചയിൽ രണ്ട് ദിവസമാണ് നിലവിൽ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ധാക്കയിൽ നിന്ന് പുറപ്പെട്ട ബിമൻ ബംഗ്ലാദേശ് എയർലൈൻസിന്റെ ബിജി-341 വിമാനത്തിന് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി അധികൃതർ സ്വീകരിച്ചു. 2010ന് ശേഷം ആദ്യമായാണ് ധാക്കയിൽ നിന്നും കറാച്ചിയിലേക്ക് നേരിട്ട് വിമാനം എത്തുന്നത്. നിലവിൽ മാർച്ച് 30 വരെയുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസിനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിന് ലഭിക്കുന്ന പ്രതികരണം വിലയിരുത്തിയ ശേഷം ദീർഘകാല സർവീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കും.

