Site iconSite icon Janayugom Online

അപ്പര്‍കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ഭീഷണി; ജനങ്ങള്‍ ക്യാമ്പുകളിൽ എത്താനുള്ള തയ്യാറെടുപ്പിൽ

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീട്ടിലെത്തിയവർ വീണ്ടും വെള്ളപ്പൊക്കം രൂക്ഷമാകുന്നതോടെ ക്യാമ്പുകളിൽ എത്താനുള്ള തയ്യാറെടുപ്പിൽ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് അപ്പർകുട്ടനാടൻ മേഖലയിൽ വീണ്ടും വെള്ളപ്പൊക്കത്തിന്റെ ഭീഷണിയിലായി. ഒരാഴ്ച മുമ്പുണ്ടായ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ തീരുംമുമ്പേ അടുത്ത വെള്ളപ്പൊക്കം ഉണ്ടായത് ജനങ്ങളെ തീരാദുരിതത്തിലാക്കിയിരിക്കുകയാണ്.

വീയപുരം, ചെറുതന,പള്ളിപ്പാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി തുടങ്ങിയിട്ടുണ്ട്. പമ്പ, അച്ചൻ കോവിൽ മണിമല നദികളിലും ഇടത്തോടുകളിലുമെല്ലാം മലവെള്ളത്തിന്റെ ശക്തമായ ഒഴുക്ക് തുടരുകയാണ്. രണ്ടുദിവസം കൊണ്ട് മൂന്നടിയോളം വെള്ളം ഉയർന്നു. വീണ്ടും ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. കിഴക്കൻ പ്രദേശങ്ങളിൽ നിന്നും പമ്പാ, മണിമല നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളം അപ്പർകുട്ടനാടൻ മേഖലയിൽ എത്തിച്ചേർന്നാണ് ദുരിതം വിതയ്ക്കുന്നത്. പാടശേഖരങ്ങളും വെള്ളത്താൽ നിറഞ്ഞുകഴിഞ്ഞു.

നദികളും നിറഞ്ഞുകിടക്കുന്നതിനാൽ വീണ്ടും ഒഴുക്ക് ശക്തമായി വലിയ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ഭീതിയിലാണ്. തുടരെ ഉണ്ടാകുന്ന വെള്ളപ്പൊക്കവും, ശക്തമായമഴയും കാർഷികമേഖലയെ തകർത്തു. ഒക്ടോബർ, നവംബർ മാസത്തോടെ പുഞ്ചകൃഷിതുടങ്ങേണ്ട പാടങ്ങൾ പ്രാഥമിക കൃഷി ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും കാലാവസ്ഥ വ്യതിയാനങ്ങൾ പുഞ്ചകൃഷിക്ക് തടസമായി. കൊയ്ത്ത് നടക്കേണ്ട പാടങ്ങൾ മിക്കതും വെള്ളത്തിടിയിലായി.

കരകൃഷി പലതും നിലംപൊത്തി ക്ഷീരകർഷകർ കന്നുകാലികളുമായി വെള്ളകെട്ടില്ലാത്ത പ്രദേശങ്ങളിലെത്തി സുരക്ഷിത താവളം തേടുന്ന കാഴ്ചകളാണിവിടെ. താറാവുകർഷകരുടേയും അവസ്ഥകൾ വിഭിന്നമല്ല. വിദ്യാലയങ്ങൾ തുറന്നെങ്കിലും വെള്ളപ്പൊക്കം രൂക്ഷമായാൽ ക്യാമ്പുകൾ ക്കുവേണ്ടി വഴിമാറുന്നതിനാൽ അദ്ധ്യയനവും മുടങ്ങും. ഒരാഴ്ചയോളം ക്യാമ്പുകളിൽ കഴിഞ്ഞവർ വീണ്ടും ക്യാമ്പുകളിൽ തന്നെ അഭയം തേടുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്.

Exit mobile version