Site iconSite icon Janayugom Online

പ്രളയം: അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ച് പാക് സർക്കാർ

അന്താരാഷ്ട്ര സ­ഹായം അഭ്യർത്ഥിച്ച് പ്രളയത്തി­ൽ മുങ്ങിയ പാകിസ്ഥാന്‍. വെള്ളപ്പൊക്കം പാകിസ്ഥാന്റെ മോശമായ സാമ്പത്തിക സ്ഥിതിയെ കൂടുതൽ വഷളാക്കുമെന്നും സഹായം ആവശ്യമാണെന്നും വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. ജനസംഖ്യയുടെ ഭൂരിഭാഗത്തിന്റെയും ഉപജീവനമാർഗമായ കൃഷി നശിച്ചു. അന്താരാഷ്ട്ര നാണയ നിധി മാത്രമല്ല, അന്താരാഷ്ട്ര സമൂഹവും സംഘടനകളും നാശത്തിന്റെ യഥാർത്ഥ തോത് മനസിലാക്കുമെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി 12 ലക്ഷം ഡോളറിന്റെ സഹായം അന്താരാഷ്ട്ര നാണയനിധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിലാവൽ ഭൂട്ടോ പറഞ്ഞു. 

ഇന്ത്യയിൽ നിന്ന് പച്ചക്കറികളും മറ്റ് ഭക്ഷ്യയോഗ്യമായ വസ്തുക്കളും ഇറക്കുമതി ചെയ്യുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി മിഫ്താ ഇസ്മായിൽ അറിയിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് ശേഷം പാകിസ്ഥാൻ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചിരുന്നു. മുൻ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് ഇന്ത്യയുമായുള്ള വ്യാപാരം സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ തയാറാക്കി വരികയാണെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കാനുള്ള നിർദ്ദേശം പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ധനമന്ത്രാലയത്തിന്റെ പ്രതികരണം. സാമ്പത്തിക ഏകോപന സമിതി (ഇസിസി) ഇന്ത്യയിൽ നിന്ന് പഞ്ചസാരയും വാഗാ അതിർത്തി വഴി പരുത്തിയും ഇറക്കുമതി ചെയ്യാൻ സ്വകാര്യമേഖലയെ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

Eng­lish Summary:Floods: Pak­istan govt appeals for inter­na­tion­al help
You may also like this video

Exit mobile version