തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് അനസ്തേഷ്യ ടെക്നീഷ്യന് ഗുരുതര പരിക്ക്. പാലക്കാട് സ്വദേശി അഭിഷേകിനാണ് അപകടത്തിൽ പരുക്കേറ്റത്. മെഡിക്കൽ കോളേജിലെ ബി തിയേറ്ററിലാണ് സംഭവം. തലയോട്ടിയിൽ പരുക്കേറ്റ അഭിഷേക് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംഐസിയുവിൽ ചികിത്സയിലാണ്. പരുക്കേറ്റ ഉടൻ തന്നെ ഇയാളെ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. തുടർന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും ഛർദ്ദിലും മറ്റ് ലക്ഷണങ്ങളും കാണിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജിൽ വീണ്ടും എത്തിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് തലയോട്ടിക്ക് പൊട്ടലുള്ളതായി കണ്ടെത്തിയത്. രണ്ട് മാസം മുൻപ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ തുടർച്ചയായി പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് അധികൃതർ.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; അനസ്തേഷ്യ ടെക്നീഷ്യന് പരുക്ക്

