Site iconSite icon Janayugom Online

തിരിച്ചെത്താനൊരുങ്ങി ഫ്ലോയ്ഡ് മെയ്‌വെതർ; ടൈസണുമായുള്ള മത്സരശേഷം വിരമിക്കല്‍ പിന്‍വലിക്കും

മൈ­­ക്ക് ടൈസണുമായി നടക്കുന്ന പ്രദർശന മത്സരത്തിന് ശേഷം താൻ വിരമിക്കൽ പിന്‍വലിച്ച് പ്രൊഫഷണൽ ബോക്സിങ്ങിലേക്ക് തിരിച്ചുവരുമെന്ന് ഫ്ലോയ്ഡ് മെയ്‌വെതർ. 50 മത്സരങ്ങളിൽ പരാജയമറിയാതെ 2017ലാണ് 48കാരനായ ഫ്ലോയ്ഡ് മെയ്‌വെതർ ബോക്സിങ്ങിൽ നിന്ന് വിരമിച്ചത്. അതിനുശേഷം നിരവധി പ്രദർശന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

‘ബോക്സിങ് കായികരംഗത്ത് ഇനിയും കൂടുതൽ റെക്കോഡുകൾ സൃഷ്ടിക്കാൻ എനിക്ക് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു’ മെയ്‌വെതർ പറഞ്ഞു. ‘എന്റെ വരാനിരിക്കുന്ന മൈക്ക് ടൈസണുമായുള്ള മത്സരം മുതൽ അതിനുശേഷമുള്ള അടുത്ത പ്രൊഫഷണൽ ഫൈറ്റ് വരെ ഒരു കായികതാരത്തിനും എന്റെ ഇവന്റുകളേക്കാൾ വലിയ വരുമാനമോ, കൂടുതൽ ആഗോള പ്രേക്ഷകരെയോ, ഓരോ മത്സരത്തിൽ നിന്നും കൂടുതൽ പണമോ ഉണ്ടാക്കാൻ കഴിയില്ല’-മെയ്‌വെതർ കൂട്ടിച്ചേര്‍ത്തു.

ഈ വേനൽക്കാലത്ത് മെയ്‌വെതറിന്റെ ആദ്യ പ്രൊഫഷണൽ മത്സരം താൽക്കാലികമായി നിശ്ചയിച്ചിട്ടുണ്ട്. എതിരാളിയെ പിന്നീട് പ്രഖ്യാപിക്കും. ഇതിന്റെ കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ വെളിപ്പെടുത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു. യുഎഫ്‌സി താരം കോനർ മക്ഗ്രെഗറിനെതിരെ 2017ൽ നടന്ന മത്സരമായിരുന്നു മെയ്‌വെതറുടെ അവസാന പ്രൊഫഷണൽ പോരാട്ടം. അതിനുശേഷം താരം പ്രദർശന മത്സരങ്ങളിൽ സജീവമായിരുന്നു. 2024 ഓഗസ്റ്റിൽ മെക്സിക്കോയിൽ ജോൺ ഗോട്ടി മൂന്നാമനെ പരാജയപ്പെടുത്തിയതും ഇതിൽ ഉൾപ്പെടുന്നു.

Exit mobile version