Site iconSite icon Janayugom Online

യുഎസില്‍ ഫ്ലോയ്ഡ് ആവര്‍ത്തിക്കുന്നു

black lives matterblack lives matter

അമേരിക്കയില്‍ വീണ്ടും ജോര്‍ജ് ഫ്ലോയ്ഡ് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ബ്ലാക്ക് ലൈവ്സ് മാറ്ററിന്റെ സഹസ്ഥാപക പാട്രിസ് കലോർസിന്റെ അര്‍ധസഹോദരന്‍ ലോസ് ഏഞ്ചൽസ് പൊലീസിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു. ഇംഗ്ലീഷ് അധ്യാപകനായ കീനൻ ആൻഡേഴ്സനാണ് (31) സാന്റാ മോണിക്കയിലെ ആശുപത്രിയിൽ വച്ച് മരിച്ചത്. ജനുവരി മൂന്നിന് നടന്ന സംഭവത്തിന്റെ ബോഡി കാമറ ദൃശ്യങ്ങൾ ലോസ് ഏഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് (എൽഎപിഡി) പുറത്തുവിട്ടു. അനുവാദമില്ലാതെ മറ്റൊരാളുടെ കാറിൽ കയറാൻ ശ്രമിച്ചെന്നാരോപിച്ചാണ് കീനനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടതിനു പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച കീനനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. പൊലീസ് തന്നെ ജോർജ്ജ് ഫ്ലോയ്ഡ് ആക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് കീനന്‍ പറയുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. കീനൻ ഇപ്പോഴും ജീവിച്ചിരിക്കാൻ അർഹനായിരുന്നുവെന്ന് പാട്രിസ് കലോർസ് പ്രതികരിച്ചു. കീനനു വേണ്ടിയും ഭരണകൂട അതിക്രമം നേരിട്ട എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയും പോരാടുമെന്നും പാട്രിസ് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ലോസ് ഏഞ്ചല്‍സ് പൊലീസുമായി ബന്ധപ്പെട്ട് മൂന്നാമത്തെ കസ്റ്റ‍ഡി മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ലോസ് ഏഞ്ചൽസ് പൊലീസിനെതിരായ പ്രതിഷേധം ശക്തമായിട്ടുണ്ട്. കീനന്‍ ജോലി ചെയ്തിരുന്ന വാഷിങ്ടൺ ഡിസിയിലെ ഡിജിറ്റൽ പയനിയേഴ്‌സ് അക്കാദമിയും പ്രതിഷേധവുമായി രംഗത്തെത്തി. 1980‑നും 2018‑നും ഇടയിൽ പൊലീസ് മര്‍ദ്ദനത്തില്‍ 30,800 മരണങ്ങള്‍ യുഎസില്‍ നടന്നതായി ലാന്‍സെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് നാഷണൽ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് സിസ്റ്റം പ്രസിദ്ധീകരിച്ച കണക്കുകളേക്കാള്‍ കൂടുതലാണ് ലാന്‍സെറ്റിന്റെ കണക്കുകള്‍. മരണങ്ങളിൽ പകുതിയിലേറെയും നാഷണൽ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് സിസ്റ്റത്തില്‍ റിപ്പോർട്ട് ചെയ്യപ്പെടാത്തവയാണ്. മാരകമായ പൊലീസ് അതിക്രമങ്ങൾ ഹിസ്‍പാനിക് ഇതര കറുത്തവർഗക്കാരിൽ ഏറ്റവും കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

Eng­lish Sum­ma­ry: Floyd repeats in the US

You may also like this video

Exit mobile version