Site iconSite icon Janayugom Online

ഓണം വിപണിയിൽ പരിശോധന ശക്തമാക്കി ഭക്ഷ്യവകുപ്പ്

ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ പരിശോധന ശക്തമാക്കി ഭക്ഷ്യവകുപ്പ്. ജില്ല കലക്ടറുടെ നിർദേശ പ്രകാരം ഏറനാട് താലൂക്കിലെ കാവനൂർ, അരീക്കോട് പ്രദേശങ്ങളിലായിരുന്നു പരിശോധന. പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലവർധന തടയുന്നതിനും അമിതവില ഈടാക്കൽ, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും പൊതുവിതരണ വകുപ്പ് പരിശോധന നടത്തി.

നാല് സൂപ്പർ മാർക്കറ്റുകൾ, ഒമ്പത് പലച്ചരക്ക് കടകൾ, പച്ചക്കറി കടകൾ, ചിക്കൻ/ബീഫ് സ്റ്റാളുകൾ, ഹോട്ടലുകൾ എന്നിങ്ങിനെ 30 ഓളം വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ട് സൂപ്പർ മാർക്കറ്റുകളിൽ നിന്നും ലേബൽ ഒന്നും ഇല്ലാത്തതും, കാലവധി കഴിഞ്ഞതും, കാലാവധി രേഖപ്പെടുത്താതതുമായ ഭക്ഷ്യപാക്കറ്റുകൾ പിടിച്ചെടുത്തു. വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത നാല് സ്ഥാപനങ്ങൾക്കെതിരെയും, വൃത്തിഹീനമായി പ്രവർത്തിക്കുന്ന രണ്ട് ഹോട്ടൽ, മൂന്ന് ചിക്കൻ സ്റ്റാൾ എന്നീ സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ കലക്ടർക്ക് റിപ്പോർട്ട് നൽകിയതായി താലൂക്ക് സപ്ലൈ ഓഫിസർ കെ. ദേവദാസൻ അറിയിച്ചു. ഡെപ്യൂട്ടി തഹസിൽദാർ കൂത്രടാൻ അഹമ്മദ് മുസ്തഫ, റേഷനിങ് ഇൻസ്പെക്ടർമാരായ രാജേഷ് അയനിക്കുത്ത്, കെ. പി അബ്ദുൽ നാസർ, പി പ്രദീപ്, എം എൻ ഷഹനാസ് എന്നിവർ നേതൃത്വം നൽകി. 

Exit mobile version