Site iconSite icon Janayugom Online

സപ്ലൈകോ സാധനങ്ങളുടെ വില കുറച്ചു; വിലവര്‍ധന തടയുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

പൊതു വിപണിയിലെ വിലക്കയറ്റത്തിനെതിരെ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടുവരികയാണെന്നു മന്ത്രി ജി ആര്‍ അനില്‍. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നേരിട്ട് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചു നല്‍കിയും സബ്‌സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാതെയുമാണ് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്നും ടെണ്ടര്‍ അനുസരിച്ച് വില മാറ്റമുണ്ടായ ഉല്‍പ്പന്നങ്ങളുടെ വിലകുറച്ചു നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ചുരുക്കം ഉല്‍പ്പങ്ങള്‍ക്കാണ് വില മാറ്റം ഉണ്ടായത്. വന്‍പയര്‍, മല്ലി, കടുക്, പരിപ്പ് എന്നിവയ്ക്ക് നാലു രൂപ വീതവും ചെറുപയറിനു 10 രൂപയും മുളകിന് ഒന്‍പതു രൂപയും മല്ലിക്ക് എട്ടു രൂപയും കുറവ് വരുത്തുമെന്നും മന്ത്രി അറിയിച്ചു. ജയ അരിക്കും പഞ്ചസാരയ്ക്കും മട്ട അരിക്കും 50 പൈസ കുറവ് വരുത്തിയിട്ടുണ്ട്. വെളിച്ചെണ്ണ, ചെറുപയര്‍, ഉഴുന്ന്, തുവര പരിപ്പ്, കടല, പച്ചരി എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് വില വിലവര്‍ധിപ്പിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പൊതു വിപണിയേക്കാള്‍ 50 ശതമാനം വരെ വിലക്കുറവിലാണ് 35 ഇനം ഉത്പന്നങ്ങള്‍ സപ്ലൈകോ വിതരണം ചെയ്യുന്നത്. 13 ഇനം ഉല്‍പ്പങ്ങള്‍ക്ക് ഒരു രൂപ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്നും വിപണിയില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സപ്ലൈകോ പ്രവര്‍ത്തനങ്ങള്‍ ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും വൈകാതെ സംസ്ഥാന വ്യാപകമാക്കുമെന്നും മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.
ENGLISH SUMMARY;Food Min­is­ter GR Anil says price hike will be stopped
YOU MAY ALSO LIKE THIS VIDEO;

Exit mobile version