ചെന്നൈയിലെ ഐഫോൺ നിർമ്മാണ ഫാക്ടറിയായ ഫോക്സ്‌കോൺ ഇന്ത്യയ്ക്കെതിരെ നടപടിയെടുത്ത് ആപ്പിള്‍. പ്രൊബേഷന്‍ ഏര്‍പ്പെടുത്തിയതോടെ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറി വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നത് വൈകിയേക്കും.
ശ്രീപെരുമ്പുത്തൂരിലെ ഫോക്സ്കോൺ ഫാക്ടറിയില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയിൽ 150 ലേറെ തൊഴിലാളികൾ ആശുപത്രിയിലായിരുന്നു. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധം കമ്പനിക്കെതിരെ ഉടലെടുത്തു.
ജീവനക്കാർക്കായി ഉപയോഗിക്കുന്ന ചില ഡോർമിറ്ററി താമസസൗകര്യങ്ങളും ഡൈനിംഗ് റൂമുകളും ആവശ്യകതകൾ നിറവേറ്റുന്നില്ലെന്ന് കണ്ടെത്തിയതായി ആപ്പിൾ പ്രസ്താവനയിൽ പറഞ്ഞു. ഭക്ഷ്യ സുരക്ഷ, താമസസൗകര്യം എന്നിവ ഉറപ്പാക്കാൻ സ്വതന്ത്ര ഓഡിറ്റർമാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതിന് മുമ്പ് കമ്പനിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും തുടർച്ചയായി നിരീക്ഷിക്കുമെന്നും ആപ്പിള്‍ അറിയിച്ചു.
17,000 ഓളം പേർ ജോലി ചെയ്യുന്ന കമ്പനിയിൽ കൂടുതൽ ജീവനക്കാരും സ്ത്രീകളാണ്. 17 ഹോസ്റ്റലുകളാണ് കമ്പനിക്കുള്ളത്. ഇതിൽ ഓരോ മുറിയിലും 12 പേരാണ് താമസം. ഇതിലൊരു ഹോസ്റ്റലിലാണ് ഭക്ഷവിഷബാധയുണ്ടായത്. സംഭവത്തിൽ ഫോക്സ്‌കോൺ ജീവനക്കാരും അവരുടെ ബന്ധുക്കളും ചെന്നൈ-ബംഗളുരു ദേശീയ പാത മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു.
English Summary: Food poisoning: Apple takes action against Foxconn
You may like this video also