Site iconSite icon Janayugom Online

ഭക്ഷ്യവിഷ ബാധ; സാന്‍വിച്ച് വിതരണം ചെയ്ത കമ്പനി ആരോഗ്യവിഭാഗം അടച്ചുപൂട്ടി

വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ സാന്‍വിച്ച് വിതരണം ചെയ്ത കമ്പനി ആരോഗ്യവിഭാഗം അടച്ചുപൂട്ടി. ചെട്ടിയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് പ്രൊഡക്ട്സ് കമ്പനിയാണ് ഭക്ഷ്യസുരക്ഷാ ഓഫിസറുടെയും മഞ്ചേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും നിര്‍ദേശ പ്രകാരം അടച്ചൂപൂട്ടിയത്. ശനിയാഴ്ച ഉച്ചക്ക് 12ന് നഗരസഭ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. സ്ഥാപനത്തിലെ 30ഓളം തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതായും സ്ഥാപനത്തിലെ വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് സൂക്ഷിച്ചു വെച്ചിട്ടില്ലാത്തതായും കേക്ക്, ലഡു, നുറുക്ക് എന്നിവ നിര്‍മിക്കുന്ന അടുക്കള വൃത്തിഹീനമായതായും പരിശോധനയില്‍ കണ്ടെത്തി. 

സ്ഥാപനത്തിലെ ജൈവ- അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി സംവിധാനം ഒരുക്കിയിട്ടില്ല. ഭക്ഷണവസ്തുക്കളില്‍ കലര്‍ത്തുന്ന ഫ്ളേവേഴ്സുകളില്‍ കാലാവധി കഴിഞ്ഞ ഏഴ് ബോട്ടിലുകള്‍ കണ്ടെത്തുകയും ഇവ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. സ്ഥാപനത്തിന് നോട്ടീസ് നല്‍കുകയും ഏഴ് ദിവസത്തിനകം പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ കമീഷനറുടെ നിര്‍ദേശ പ്രകാരമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥാപനം നിലവില്‍ കെ സ്വിഫ്റ്റ് ലൈസന്‍സിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ജെ എ നുജൂമിന്റെ നിര്‍ദേശ പ്രകാരം പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റില്‍ജു മോഹന്‍, സി രതീഷ്, റെജി തോമസ്, സി നസ്റുദ്ധീന്‍, ഡ്രൈവര്‍ റഫീഖ്, ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരായ മുസ്തഫ, പൂര്‍ണിമ, മെഡിക്കല്‍ കോളജ് ജെഎച്ച്‌ഐമാരായ ഷിജോയ്, അനുശ്രീ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Exit mobile version