Site icon Janayugom Online

547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി; അടപ്പിച്ചത് 48 എണ്ണം

സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളും, ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പലയിടത്തും ശക്തമായ പരിശോധന തുടരുന്നതാണ്.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഓയില്‍, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. കൂടാതെ ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 

വിവിധ ഓപ്പറേഷനുകളിലൂടെ സംസ്ഥാനത്താകെ കഴിഞ്ഞ ജൂലൈ മാസം മുതല്‍ ഡിസംബര്‍ മാസം വരെ 46,928 പരിശോധനകള്‍ നടത്തിയിരുന്നു. 9,248 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 97.60 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസ കാലയളവിനുള്ളില്‍ 82,406 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും 18,037 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ലഭ്യമാക്കി.

Eng­lish Summary;Food Safe­ty Depart­ment inspect­ed 547 places; 48 were closed
You may also like this video

Exit mobile version