Site iconSite icon Janayugom Online

ഭക്ഷ്യഭദ്രത: ‘ഒപ്പം’ ചേരാൻ സന്നദ്ധരായി കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികൾ

auto taxiauto taxi

ഭക്ഷ്യഭദ്രത ഉറപ്പു വരുത്താൻ സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പുമായി കൈകോർത്ത് ‘ഒപ്പം’ നിൽക്കുകയാണ് കോഴിക്കോട് ജില്ലയിലെ ഓട്ടോ തൊഴിലാളികൾ. അതിദരിദ്ര കുടുംബങ്ങളിൽപ്പെട്ട, റേഷൻകടയിൽ നേരിട്ടെത്തി റേഷൻ കൈപ്പറ്റാൻ സാധിക്കാത്തവർക്ക് ഒപ്പം എന്ന പദ്ധതിയിലൂടെ ഓട്ടോ തൊഴിലാളികൾ റേഷൻ വിഹിതം വീടുകളിൽ എത്തിക്കും.

യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെയാണ് ഇവർ ഈ സേവനത്തിനിറങ്ങുന്നത്. സന്നദ്ധ പ്രവർത്തനമായതിനാൽ തന്നെ ഗുണഭോക്താക്കൾക്ക് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നില്ല. പാവപ്പെട്ട കുടുംബങ്ങളെ ചേർത്തു പിടിക്കുക വഴി മനുഷ്യ സ്നേഹത്തിന്റെയും ആർദ്രതയുടെയും മറ്റൊരു മാതൃക കൂടി തീർക്കുകയാണ് കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികൾ.‘ഒപ്പം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (മാർച്ച് 18) പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവ്വഹിക്കും. ഉച്ചക്കുശേഷം 2.30 ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷനായിരിക്കും. മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയാകും.

പട്ടിണി പൂർണമായും നിർമാർജ്ജനം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച ഈ പദ്ധതിയിൽ പൊതുവിതരണ വകുപ്പും കണ്ണി ചേർന്നിരിക്കുകയാണ്. അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്ക് അർഹമായ റേഷൻ നൽകി ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുകയാണ് ‘ഒപ്പം’ എന്ന പദ്ധതിയിലൂടെ. ജില്ലയിൽ 6773 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ റേഷൻകാർഡില്ലാത്ത 451 കുടുംബങ്ങളിൽ 375 പേർക്കും ഇതിനകം കാർഡ് നൽകിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

അതിദരിദ്ര വിഭാഗത്തിൽപെട്ട ഏറ്റവും അർഹരായ 251 കുടുംബങ്ങൾക്കാണ് ജില്ലയിൽ ഒപ്പം പദ്ധതിയിലൂടെ റേഷൻ വിടുകളിൽ നേരിട്ടെത്തിക്കുന്നത്. പ്രാഥമിക ഘട്ടമെന്ന നിലയിൽ കോർപ്പറേഷൻ പരിധിയിലെ 11 കുടുംബങ്ങൾക്ക് നാളെ (മാർച്ച്‌ 18) മുതൽ റേഷൻ വീട്ടിലെത്തിക്കും. രണ്ടാം ഘട്ടമെന്ന നിലയിൽ ബാക്കിയുള്ള 240 കുടുംബങ്ങൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന പദ്ധതി താലൂക്ക് തലത്തിലും പഞ്ചായത്തുതലത്തിലും വ്യാപിപ്പിക്കും. ഇവർക്കുള്ള റേഷൻ വിഹിതം മാസാദ്യം തന്നെ വീടുകളിലെത്തിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

Eng­lish Summary;Food secu­ri­ty: Kozhikode auto work­ers will­ing to join ‘and’

You may also like this video

Exit mobile version