ഭക്ഷ്യധാന്യ ഉല്പാദനവും സ്റ്റോക്കും വർധിച്ചുവെന്ന് കേന്ദ്രസർക്കാര്‍ അവകാശപ്പെടുമ്പോഴും 17 ലക്ഷത്തിലധികം ഇന്ത്യക്കാർ അനാരോഗ്യകരമായ ഭക്ഷണം മൂലം രോഗം ബാധിച്ച് മരിക്കുന്നു.
ഭക്ഷണത്തിലെ അപകടസാധ്യതാ ഘടകങ്ങളും ഭാരക്കുറവും മൂലമുണ്ടാകുന്ന രോഗങ്ങളാണ് ഓരോ വർഷവും 1.7 ദശലക്ഷത്തിലധികം ഇന്ത്യക്കാരുടെ ജീവന്‍ കവരുന്നതെന്ന് സെന്റർ ഫോർ സയൻസ് ആന്റ്എൻവയോൺമെന്റും ഡൗൺ ടു എർത്ത് മാസികയും പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. ശരാശരി ഇന്ത്യന്‍ പൗരന്റെ ഭക്ഷണക്രമത്തിൽ ആവശ്യത്തിന് പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, പരിപ്പ്, ധാന്യങ്ങൾ എന്നിവ ഇല്ലെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ, പക്ഷാഘാതം, കൊറോണറി ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, സംസ്കരിച്ച മാംസം, ചുവന്ന മാംസം, മധുരപാനീയങ്ങൾ എന്നിവയുടെ അളവ് കുറഞ്ഞതാണ് പ്രധാന കാരണം. ലോക ജനസംഖ്യയില്‍ 42 ശതമാനം പേർക്ക് ആരോഗ്യകരമായ ഭക്ഷണക്രമം താങ്ങാനാവുന്നില്ല. ഇന്ത്യയില്‍ ഇത് 71 ശതമാനം ആണ്.
രാജ്യത്ത് ചില മേഖലകളില്‍ പുരോഗതി ഉണ്ടായിട്ടും, ഭക്ഷണരീതികൾ ആരോഗ്യകരമാകുന്നില്ല. ആരോഗ്യത്തിനും പരിസ്ഥിതിക്കും വേണ്ടിയുള്ള ലക്ഷ്യം കൈവരിക്കുന്നതിൽ ആഗോള ഭക്ഷ്യ സമ്പ്രദായവും വളരെ പിന്നിലാണ്. ഉപഭോക്തൃ ഭക്ഷ്യ വില സൂചികാ പണപ്പെരുപ്പം കഴിഞ്ഞ വർഷം 327 ശതമാനമാണ് വർധിച്ചത്. അതേസമയം ഉപഭോക്തൃ വില സൂചിക 84 ശതമാനം വർധിച്ചു.
ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പത്തിന്റെ ഏറ്റവും വലിയ മുന്നേറ്റം ഭക്ഷ്യവസ്തുക്കളിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ ഭക്ഷണവില ഉയർന്ന തോതിൽ കൂടിയിട്ടുമുണ്ട്. ഉല്പാദനച്ചെലവ്, അന്താരാഷ്ട്ര വിളകളുടെ വിലക്കയറ്റം, കാലാവസ്ഥാ സംബന്ധമായ തടസങ്ങൾ എന്നിവയാണ് ഉയർന്ന അളവിലുള്ള ഭക്ഷ്യ വിലക്കയറ്റത്തിന് കാരണമായതെന്ന് ഡൗൺ ടു എർത്ത് മാനേജിങ് എഡിറ്റർ റിച്ചാർഡ് മഹാപത്ര പറഞ്ഞു.
2012–13 നും 2018–19 നും ഇടയിൽ ഇന്ത്യയിൽ കൃഷിച്ചെലവ് ഏകദേശം 35 ശതമാനം വര്‍ധിച്ചപ്പോൾ, കൃഷിയിൽ നിന്നുള്ള വരുമാനത്തിന്റെ പങ്ക് 48 ൽ നിന്ന് 37 ശതമാനമായി കുറഞ്ഞു. രാജ്യത്തെ 50 ശതമാനം കർഷക കുടുംബങ്ങളും കടക്കെണിയിലാണ്. ഓരോ കുടുംബത്തിനും ശരാശരി 74,000 രൂപ കടബാധ്യതയുണ്ട്. പ്രതിദിനം 29 കർഷകരും കർഷക തൊഴിലാളികളും ആത്മഹത്യ ചെയ്തുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
English summary;Food takes life; 17 lakh deaths every year in the country due to unhealthy eating habits
You may also like this video;