Site iconSite icon Janayugom Online

ഇന്ത്യന്‍ താരങ്ങള്‍ക്ക് വിസ നിഷേധിച്ച് ചൈന

ഏഷ്യൻ ഗെയിംസിൽ അരുണാചലിൽ നിന്നുള്ള ചില താരങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ചൈന. ചൈനീസ് നടപടിയിൽ പ്രതിഷേധിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചൈനീസ് സന്ദർശനം റദ്ദാക്കി. വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ചൈന വിസ നിഷേധിച്ചിട്ടില്ലെന്ന് ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ അറിയിച്ചു.
അരുണാചലിൽ നിന്നുള്ള നെയ്മൻ വാങ്സു, ഒനിലു ടേഗ, മെപുങ് ലാംഗു എന്നീ മൂന്നു വനിതാ വുഷു കായികതാരങ്ങൾക്കാണ് ചൈന പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇവർക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള അനുമതി ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാൽ ചൈനയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസ പോലെ കണക്കാക്കുന്ന അക്രഡിറ്റേഷൻ കാർഡുകൾ ലഭിച്ചിട്ടില്ല.
ചൈനയിലേക്ക് പുറപ്പെടാനെത്തിയ താരങ്ങളെ ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഹോസ്റ്റലിലേക്ക് തിരികെയെത്തിച്ചു. അതേസമയം മറ്റ് ഏഴ് കളിക്കാരും ജീവനക്കാരും ഉൾപ്പെടുന്ന ഇന്ത്യൻ വുഷു ടീമിലെ മറ്റ് അംഗങ്ങൾ ഹോങ്കോങ്ങിലേക്ക് പോയി. അവിടെ നിന്ന് ചൈനയിലെ ഹാങ്‌ഷൂവിലേക്ക് വിമാനം കയറി. ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ സംഘത്തിലെ കൊണ്‍സാം ചിങ്‌ലെന്‍സാന സിങ്, ലാല്‍ ചുങ്‌നുംഗ എന്നിവരുടെയും യാത്ര കഴിഞ്ഞ ദിവസം മുടങ്ങിയിരുന്നു.
ഇന്ത്യൻ പൗരന്മാരോട് പ്രാദേശികാടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്ന വിവേചനം അപലപനീയമാണെന്നും അരുണാചൽ പ്രദേശ് ഇപ്പോഴും എപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. എന്നാല്‍ താരങ്ങള്‍ യാത്രാ രേഖകള്‍ നല്‍കിയതിനു പിന്നാലെ തന്നെ ചൈന വിസ അനുവദിച്ചെന്നും എന്നാല്‍ സ്വീകരിക്കാന്‍ താരങ്ങള്‍ തയാറായില്ലെന്നും ഏഷ്യൻ ഒളിമ്പിക് കൗൺസിൽ (ഒസിഎ) എത്തിക്‌സ് കമ്മിറ്റി ചെയർമാൻ വെയ് ജിഷോംഗ് പറഞ്ഞു.

Eng­lish sum­ma­ry; For Indi­an play­ers Chi­na denied visa
you may also like this video;

Exit mobile version