Site iconSite icon Janayugom Online

സൂര്യനായകന്‍; യുഎസിന്റെ അട്ടിമറി ഭീഷണി മറികടന്ന് ഇന്ത്യ

യുഎസിന്റെ അട്ടിമറി ഭീഷണിയില്‍ നിന്നും കരകയറി ഇന്ത്യക്ക് ടി20 ലോകകപ്പില്‍ വിജയത്തുടക്കം. 29 റണ്‍സിനാണ് ഇന്ത്യയുടെ ജയം.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (84) ഒറ്റയാള്‍ ബാറ്റിങ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
യുഎസിനെ തുടക്കം മുതല്‍ തന്നെ ഇ­ന്ത്യന്‍ പേസ് ആക്രമണം തകര്‍ത്തു. മുന്‍നിരയിലെ ആദ്യ മൂന്ന് പേരും രണ്ടക്കം കാണാതെ പുറത്തായി. ആന്‍ഡ്രിയസ് ഗൗ­സ് (ആറ്), സായ്‌തേജ മുക്കമല്ല (രണ്ട്) എന്നിവരെ പകരക്കാരനായെത്തിയ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. മൊണാക് പട്ടേലിനെ (പൂജ്യം) അര്‍ഷ്ദീപ് സിങ് ശിവം ദുബെയുടെ കൈകളിലെത്തിച്ചു. പിന്നാലെയൊന്നിച്ച മിലിന്റ് കുമാറും സഞ്ജയ് കൃഷ്ണമൂര്‍ത്തിയും 58 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 34 റണ്‍സെടുത്ത മിലിന്റിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീട് ശുഭം രഞ്ജനെയുടെ പിന്തുണയോടെ കൃഷ്ണമൂര്‍ത്തി സ്കോറിങ് വേഗത ഉയര്‍ത്താനുള്ള ശ്രമം തുടങ്ങിയപ്പോഴേക്കും അക്സര്‍ പട്ടേല്‍ താരത്തെ മടക്കി. 31 പന്തില്‍ 37 റണ്‍സെടുത്താണ് സഞ്ജയ് മടങ്ങിയത്. ശുഭം രഞ്ജനെ 37 റണ്‍സെടുത്ത് അവസാന പന്തില്‍ പുറത്തായി. ഇന്ത്യക്കായി അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വാങ്കഡെ സ്റ്റേഡിയത്തിൽ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ച് എത്തിയ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യയുടെ തുടക്കം. ഓപ്പണർമാരായ അഭിഷേക് ശർമ്മ (0), ഇഷാൻ കിഷൻ (20) എന്നിവർ പരാജയപ്പെട്ടു. പവർപ്ലേയിലെ അവസാന ഓവറിൽ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് ഇഷാൻ കിഷൻ, തിലക് വർമ്മ (25), ശിവം ദുബെ (0) എന്നിവരെ പുറത്താക്കിയതോടെ ഇന്ത്യ 46 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നു.
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉറച്ചുനിന്നു. 49 പന്തിൽ 10 ഫോറും നാല് സിക്സും ഉൾപ്പെടെ 84 റൺസാണ് താരം നേടിയത്. അവസാന ഓവറിൽ സൗരഭ് നേത്രാവൽക്കറെ കടന്നാക്രമിച്ച സൂര്യകുമാർ 21 റൺസാണ് അടിച്ചെടുത്തത്. ഇതോടെയാണ് ഇന്ത്യ 150 കടന്നത്. മധ്യനിരയിൽ റിങ്കു സിങ് (6), ഹാർദിക് പാണ്ഡ്യ(5), അക്സർ പട്ടേൽ (14) എന്നിവർക്കും തിളങ്ങാനായില്ല. യുഎസിനായി ഷാഡ്‌ലി വാൻ ഷാൽക്വിക്ക് നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചു. ഹർമീത് സിങ് രണ്ട് വിക്കറ്റും സൗരഭ് നേത്രാവൽക്കർ ഒരു വിക്കറ്റും നേടി.

Exit mobile version