Site iconSite icon Janayugom Online

പറക്കളായിയിൽ വീട്ടുമുറ്റത്ത് തുടർച്ചയായി രണ്ടാം ദിവസവും പുലിയെത്തി

അമ്പലത്തറ പറക്കളായിയിൽ വീണ്ടും പുലി സാന്നിധ്യം. വീട്ടുമുറ്റത്ത് തുടർച്ചയായി രണ്ട് ദിവസമാണ് പുലിയെത്തിയത്. രണ്ട് ദിവസത്തെ വരവിന്റെ ദൃശ്യങ്ങളും സി സി ടി വി ക്യാമറയിൽ പതിഞ്ഞു. കഴിഞ്ഞ ദിവസം പുലിയെ കണ്ട വീട്ടുപറമ്പിൽ തന്നെയാണ് വീണ്ടും പുലി വന്നത്. പറക്കളായി വെള്ളൂട റോഡിൽ കല്ലട ചിറ്റയിലാണ് സംഭവം. ബിസിനസുകാരൻ വികാസ് നമ്പ്യാരുടെ വീട്ടുമുറ്റത്താണ് തുടർച്ചയായി രണ്ടാം ദിവസവും പുലി എത്തിയത്. തിങ്കളാഴ്ച രാത്രി 12ഓടെയാണ് ഇതേ വീട്ടുമുറ്റത്തുവച്ച് പുലി വളർത്തുനായയെ ഇരയാക്കിയത്. കാര്യമായ അവശിഷ്ടങ്ങളൊന്നും ബാക്കിയുണ്ടായിരുന്നില്ലെങ്കിലും അടുത്ത രാത്രിയിൽ പുലി വീണ്ടും ഇതേ സ്ഥലത്തെത്തുകയായിരുന്നു. ആളുകൾ ഉറങ്ങുന്നതിനുമുമ്പ് രാത്രി എട്ടുമണിയോടെതന്നെ പുലിയെത്തിയത് സമീപവാസികൾക്ക് കൂടുതൽ ഭീതിയായി. തുടർച്ചയായുള്ള പുലി സാന്നിധ്യം പ്രദേശത്തെ ഭയപ്പാടിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പുലി വന്നതിന്റെ ക്യാമറ ദൃശ്യം കണ്ട് പ്രദേശം ഭീതിയിൽ കഴിയവെയാണ് വീണ്ടും പുലി എത്തിയത്. വീട്ടുമുറ്റത്ത് ഏറെ നേരം കിടക്കുന്നതാണ് കണ്ടത്. ഇതോടെ നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്.
വികാസ് നമ്പ്യാരുടെ വീട്ടിലെ നായയുടെ അവശിഷ്ടം കണ്ടതോടെയാണ് സിസിടിവി ക്യാമറ പരിശോധിച്ചത്. ഇതോടെയാണ് പുലിയെത്തിയ വിവരം അറിയുന്നത്. തിങ്കളാഴ്ച രണ്ടു മണിക്കൂർ നേരം വീട്ടുപറമ്പിൽ കറങ്ങിയതിനുശേഷമാണ് പുറത്തേക്ക് പോയത്. 

പറമ്പിലെ സ്വിമ്മിംഗ് പൂളിന് ചുറ്റും ഏറെ നേരം കറങ്ങി നടക്കുന്നതും കണ്ടു. പുലി പ്രദേശത്തുണ്ടെന്ന് ഉറപ്പാക്കിയതോടെ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ച് രണ്ട് ദിവസവും പുലിയെ കണ്ട പ്രദേശത്തു തന്നെ കൂട് സ്ഥാപിച്ചാൽ പുലിയെ കുടുക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
രണ്ട് ദിവസം മുമ്പ് കോടോം ബേളൂർ പഞ്ചായത്തിലെ തന്നെ നായ്ക്കയം അട്ടേങ്ങാനം റോഡിലും പട്ടാപ്പകൽ പുലിയെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം പുലിയെ കണ്ട പ്രദേശവും അട്ടേങ്ങാനവും തമ്മിൽ വലിയ ദൂരമില്ല. അതിനിടെ ഏതാനും ആഴ്ചകൾക്ക് മുമ്പ് കാരാക്കോട്, ഒടയംചാൽ ചക്കിട്ടടുക്കം പ്രദേശത്തും പുലിയെ കണ്ടിരുന്നു. കഴിഞ്ഞദിവസം പുലിയെ കണ്ട പ്രദേശത്തിന് സമീപത്തെ വെള്ളൂടയിൽ നിന്ന് 14 വർഷം മുമ്പ് കൂട് വെച്ച് പുലിയെ പിടികൂടിയിരുന്നു. 

Exit mobile version