Site iconSite icon Janayugom Online

ഓൺലൈൻ ടിക്കറ്റെടുക്കാൻ നിർബന്ധിച്ച് തിരിച്ചയച്ചു; തിയേറ്റർ ഉടമ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

സിനിമാ കാണാൻ ടിക്കറ്റ് നല്കാതെ ഓൺലൈനിൽ ടിക്കറ്റെടുക്കാൻ സിനിമാ പ്രേമിയെ നിർബ്ബന്ധിച്ച് തിരിച്ചയച്ച തിയേറ്ററുടമയോട് 25000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്കാൻ ജില്ലാ ഉപഭോക്തൃകമ്മീഷൻ ഉത്തരവിട്ടു. മഞ്ചേരി കരുവമ്പ്രം സ്വദേശി ശ്രീരാജ് വേണുഗോപാൽ 2022 നവംബർ 12ന് സുഹൃത്തുമൊന്നിച്ച് മഞ്ചേരിയിലെ ലാഡർ തിയേറ്ററിൽ അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നൽകാതെ ടിക്കറ്റ് വെനു എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും വാങ്ങിക്കാൻ ഉപദേശിച്ച് തിരിച്ചയക്കുകയാണ് ചെയ്തത്. ഓൺലൈനിൽ ടിക്കറ്റിനായി 23 രൂപയും 60 പൈസയും അധികം വാങ്ങിക്കുന്നുവെന്നും ആയത് തിയേറ്ററുടമയും ഓൺലൈൻ പ്ലാറ്റ്ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അനുചിത വ്യാപാരമാണെന്നും ആരോപിച്ചാണ് ശ്രീരാജ് ഉപഭോക്തൃ കമ്മീഷനിൽ പരാതി ബോധിപ്പിച്ചത്. 

സ്ഥിരമായി ഈ തിയേറ്ററിൽ നിന്നും സിനിമ കാണുന്ന പരാതിക്കാരൻ ഓൺലൈനിൽ സ്ഥിരമായി ടിക്കറ്റെടുക്കുന്നതിന്റെയും അധിക സംഖ്യ ഈടാക്കുന്നതിന്റെയും രേഖകൾ കമ്മീഷൻ മുമ്പാകെ ഹാജരാക്കി. പരാതിക്കാരൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ മുമ്പാകെ പരാതി ബോധിപ്പിക്കുകയും സഹകരണ രജിസ്ട്രാർ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. കരിഞ്ചന്തയിൽ കൂടിയ വിലക്ക് ടിക്കറ്റ് വിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് ഓൺലൈൻ വഴി മാത്രം ടിക്കറ്റ് വിൽക്കുന്നതെന്നും ആളുകൾ കുറഞ്ഞാൽ ഷോ ക്യാൻസൽ ചെയ്യാനും ടിക്കറ്റ് തുക തിരികെ നൽകാനും ഓൺലൈൻ വില്പന സൗകര്യമാണെന്നും തിയേറ്ററുടമ ബോധിപ്പിച്ചു. 

എന്നാൽ തിയേറ്ററിൽ സിനിമ കാണാൻ വരുന്നവർക്ക് ടിക്കറ്റ് നൽകാതെ ഓൺലൈനിൽ അധിക സംഖ്യ നൽകി ടിക്കറ്റെടുക്കാൻ നിർബ്ബന്ധിക്കുന്നത് സേവനത്തിലെ വീഴ്ചയും അനുചിതവ്യാപാരവും ഉപഭോക്തൃ അവകാശ ലംഘനവുമാണെന്ന് കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. ഒരു മാസത്തിനകം വിധി നടപ്പിലാക്കാതിരുന്നാൽ വിധിസംഖ്യയിന്മേൽ ഒമ്പത് ശതമാനം പലിശയും നല്കണമെന്ന് ഉത്തരവിൽ പറയുന്നു. 

Eng­lish Summary:Forced to buy online tick­ets; Con­sumer Com­mis­sion to com­pen­sate the the­ater owner
You may also like this video

Exit mobile version