Site iconSite icon Janayugom Online

സ്ത്രീകളെ കന്യകാത്വപരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലിക അവകാശത്തിന്റെ ലംഘനം; ഛത്തീസ്ഗഡ് ഹൈക്കോടതി

സ്ത്രീകളെ കന്യകാത്വപരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. സ്ത്രീകളെ സംശയത്തിന്റെ പേരില്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിക്ക് അനുവാദം നല്‍കാനാകില്ലെന്നും ഛത്തീസ്ഗഢ് കോടതി പറഞ്ഞു. ഇത് വ്യക്തികളുടെ അന്തസിനെ മുറിപ്പെടുത്തുന്നതാണെന്നും ആര്‍ട്ടിക്കിള്‍ 21 എന്നത് മൗലികാവകാശങ്ങളുടെ ഹൃദയമായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി.

2024 ഒക്ടോബറിലാണ് ഛത്തീസ്ഗഢ് സ്വദേശികളായ ദമ്പതികളുടെ കേസ് കുടുംബകോടതിയില്‍ എത്തുന്നത്. ഭര്‍ത്താവ് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിവില്ലാത്തയാളാണെന്നും ഒരുമിച്ച് പോകാന്‍ താത്പര്യമില്ലാത്തയാണെന്നും ഭാര്യ കുടുംബക്കോടതിയില്‍ വാദിച്ചു. എന്നാല്‍ ഭാര്യയുടെ വാദങ്ങള്‍ തെറ്റാണെന്നും അത് തെളിയിക്കാന്‍ ഭാര്യയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കണം എന്നും ഭര്‍ത്താവ് വാദിക്കുകയായിരുന്നു. ഈ ആവശ്യമുന്നയിച്ചാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയെ ഇത്തരമൊരു പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് അവരുടെ അവകാശലംഘനമാണെന്നും ഭാര്യയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ഭര്‍ത്താവിന് സ്വയം പരിശോധനയ്ക്ക് വിധേയനായി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ പറഞ്ഞു. ഒരു സ്ത്രീയുടേയും അന്തസ്സ് ഹനിക്കുന്ന വിധത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Exit mobile version