Site iconSite icon Janayugom Online

വിദേശ നിക്ഷേപം കൂപ്പുകുത്തി; അറ്റ എഫ്ഡിഐ മുന്‍വര്‍ഷത്തേക്കാള്‍ 96.5 ശതമാനം ഇടിവെന്ന് ആര്‍ബിഐ

2024–25 സാമ്പത്തിക വര്‍ഷം രാജ്യത്തെ അറ്റ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) 96.5 ശതമാനം ഇടിവ് നേരിട്ടതായി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍. 10.1 ബില്യണ്‍ ഡോളറില്‍ നിന്നുമാണ് വിദേശനിക്ഷേപം കൂപ്പുകുത്തിയത്. നിലവില്‍ രാജ്യത്തെ നെറ്റ് എഫ്ഡിഐ നിക്ഷേപം 353 ദശലക്ഷം ഡോളറായി ഇടിഞ്ഞുവെന്ന് കേന്ദ്ര ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ രേഖയില്‍ പറയുന്നു. ഇന്ത്യന്‍ കമ്പനികള്‍ വിദേശ നിക്ഷേപത്തിന്റെ തോത് വര്‍ധിപ്പിച്ചതും ഐപിഒ വഴി വിദേശ നിക്ഷേപകര്‍ രാജ്യത്ത് നിന്ന് മൂലധനം പിന്‍വലിക്കുന്നതുമാണ് അറ്റ എഫ്ഡിഐ നിരക്ക് കുറയാന്‍ ഇടയാക്കിയതെന്നും ആര്‍ബിഐയുടെ പ്രതിമാസ ബുള്ളറ്റിനില്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ നിക്ഷേപകര്‍ക്ക് സുഗമമായി പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയുന്ന പക്വമായ വിപണി സൂചനയാണ് ഇതെന്നാണ് ആര്‍ബിഐ വിശദീകരണം. മൊത്ത എഫ്ഡിഐ വരവും, ഇന്ത്യൻ കമ്പനികളുടെ പുറത്തേക്കുള്ള നിക്ഷേപവും വിദേശ സ്ഥാപനങ്ങൾ എടുത്ത ഫണ്ടുകളും തമ്മിലുള്ള വ്യത്യാസമാണ് അറ്റ എഫ്ഡിഐ. 

2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് നിക്ഷേപകർ 49 ബില്യൺ ഡോളർ പിൻവലിച്ചു, കഴിഞ്ഞ വർഷം ഇത് 41 ബില്യൺ ഡോളറായിരുന്നു. സ്വിഗ്ഗി, വിശാൽ മെഗാ മാർട്ട് പോലുള്ള പ്രധാന ഓഹരി വിൽപ്പനകളിൽ നിന്ന് ആൽഫ വേവ് ഗ്ലോബലും പാർട്ണേഴ്‌സ് ഗ്രൂപ്പും ഉയർന്ന തോതില്‍ പിൻവാങ്ങലുകൾ നടത്തി. സ്വകാര്യ ഇക്വിറ്റി, വെഞ്ച്വർ ക്യാപിറ്റൽ പിന്‍വാങ്ങലുകളുടെ മൂല്യം ആകെ 26.7 ബില്യൺ ഡോളര്‍ വരും. ഇത് മുന്‍ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനവാണ്. ഹ്യുണ്ടായി ഐപിഒ ഉപയോഗപ്പെടുത്തി 27,870 കോടി രൂപയുടെ വരുമാനം പ്രൊമോട്ടർമാർ തിരിച്ചുപിടിച്ചതും ഇതിലൊന്നായി. 

ടെലികോം കമ്പനിയായ സിങ്ടെൽ എയർടെൽ ഓഹരികൾ വിറ്റഴിച്ചതും പുകയില കമ്പനിയായ ബിഎടി 2024 മാർച്ചിൽ ഐടിസിയിൽ നിന്ന് ഓഹരികൾ വിറ്റഴിച്ചതും ഇതിനൊപ്പം ഇന്ത്യയില്‍ നിന്നുള്ള പിന്‍വാങ്ങലുകളായി. എന്നാല്‍ മൊത്ത എഫ്ഡിഐ ഒഴുക്ക് 2024.25 ല്‍ 71.3 ബില്യണ്‍ ഡോളറില്‍ നിന്ന് 81 ബില്യണ്‍ ഡോളറായി വര്‍ധിച്ചുവെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മ്മാണ‑ഊര്‍ജ, സാമ്പത്തിക സേവന മേഖലകളിലാണ് വിദേശ നിക്ഷേപം ഉയര്‍ന്നത്. യുഎസ് പ്രസിഡന്റായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ മടങ്ങി വരവോടെയാണ് ഇന്ത്യയില്‍ നിന്നുള്ള വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകുന്നത് വേഗത്തിലായത്. ചൈന അടക്കമുള്ള ഓഹരി മേഖലകളിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷവും പുറത്തേക്ക് ഒഴുക്കലിന് ആക്കം വര്‍ധിപ്പിച്ചു. ട്രംപിന്റെ പരസ്പര താരിഫ് പ്രഖ്യാപനവും വിദേശ നിക്ഷേപം ഇടിയുന്നതിന് ആക്കം കൂട്ടിയെന്നാണ് വിലയിരുത്തല്‍. 

Exit mobile version