Site iconSite icon Janayugom Online

വിദേശ നിക്ഷേപകര്‍ വിറ്റൊഴിയുന്നു

FPIFPI

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വലിയ തോതില്‍ പണം പിന്‍വലിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വിദേശ നിക്ഷേപകര്‍ 1,14,855.97 കോടി രൂപയാണ് പിന്‍വലിച്ചത്.

ഈ മാസം ഇതുവരെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) 48,261.65 കോടിയുടെ ആഭ്യന്തര ഓഹരികൾ വിറ്റഴിച്ചു. റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുള്ള പണപ്പെരുപ്പ ആശങ്കകളും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുമാണ് ഇതിന് കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തുടർച്ചയായ ആറാം മാസമാണ് ഇന്ത്യൻ ഓഹരിവിപണിയില്‍ വിദേശ നിക്ഷേപകർ ഓഹരികള്‍ ഗണ്യമായി വിറ്റഴിക്കുന്നത്. ജനുവരിയില്‍ 28,526.30 കോടിയുടേയും ഫെബ്രുവരിയില്‍ 38,068.02 കോടിയുടേയും വിദേശ നിക്ഷേപമാണ് പിന്‍വലിച്ചത്.

എണ്ണ ഇറക്കുമതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണെന്നിരിക്കെ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന ഭീമമായ വര്‍ധനവ് ഇന്ത്യയില്‍ വലിയൊരു വിലക്കയറ്റത്തിന് സാഹചര്യമൊരുക്കുമെന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നതായും വിദഗ്ധര്‍ പറയുന്നു.

റഷ്യ‑ഉക്രെയ്ന്‍ യുദ്ധം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ നേരിട്ട് വലിയ പ്രത്യാഘാതം ഉണ്ടാക്കില്ലെങ്കിലും ആഗോള പണപ്പെരുപ്പമടക്കമുള്ളവ സമ്പദ്ഘടനയ്ക്ക് തിരിച്ചടി സൃഷ്ടിക്കുമെന്ന് കൊട്ടക് മഹീന്ദ്ര അസെറ്റ് മാനേജ്മെന്റ് കമ്പനിയുടെ ഇക്വിറ്റി റിസര്‍ച്ച് തലവന്‍ ഷിബാനി കുര്യന്‍ പറഞ്ഞു.

Eng­lish Sum­ma­ry: For­eign investors are sell­ing out

You may like this video also

Exit mobile version