ഉക്രെയിനിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,377 പൗരന്മാരെ ഇന്ത്യ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.‘പോളണ്ടിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഉക്രെയ്നിൽ നിന്ന് 1377 ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിച്ചു,’ ജയശങ്കർ ട്വീറ്റിൽ പറഞ്ഞു.
ഉക്രെയ്നിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ആരംഭിച്ച ഓപ്പറേഷൻ ഗംഗയുടെ കീഴിൽ, അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യ 26 വിമാനങ്ങൾ സർവീസ് നടത്തും. ഉക്രെയ്നിന്റെ വ്യോമാതിർത്തി അടച്ചതോടെ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ വഴിയാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത്.
ഇന്ത്യൻ വ്യോമസേന സി-17 വിമാനം റൊമാനിയയിലേക്ക് അയച്ചു. കീവിൽ ഒരു ഇന്ത്യക്കാരനും അവശേഷിക്കുന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കീവില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും 16,000 ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോഴും ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് റഷ്യ ഉക്രെയ്‌നിൽ അധിനിവേശം ആരംഭിച്ചത്.
English Summary: Foreign Ministry says no Indian left in Kiev
You may like this video also