Site iconSite icon Janayugom Online

വിദേശ യൂണിവേഴ്സിറ്റി ഇടപെടൽ: വിദ്യാഭ്യാസ നിലവാരം തകർക്കും

educationeducation

സ്വന്തം രാജ്യത്ത് അംഗീകാരമില്ലാത്ത വിദേശ സ്ഥാപനങ്ങളുമായി സഹകരിക്കാനും സംയുക്ത, ഇരട്ട ഡിഗ്രി കോഴ്സുകൾ വാഗ്ദാനം ചെയ്യാനും ഇന്ത്യൻ സർവകലാശാലകൾക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ അനുവാദം നല്കിയത് വിദ്യാഭ്യാസ ഗുണനിലവാരം തകർക്കുമെന്ന് അക്കാദമിക് വിദഗ്ധർ.
‘എ’ അല്ലെങ്കിൽ അതിന് മുകളിലുള്ള അക്രഡിറ്റേഷൻ ഗ്രേഡുള്ള ഇന്ത്യൻ സ്ഥാപനങ്ങളും അംഗീകൃത വിദേശ സ്ഥാപനങ്ങളും തമ്മിൽ സഹകരിക്കാൻ മാത്രമേ നേരത്തെ അനുമതിയുണ്ടായിരുന്നുള്ളു. ജോയിന്റ് ഡിഗ്രി, ഡ്യുവൽ ഡിഗ്രി, ട്വിന്നിങ് പ്രോഗ്രാമുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക് സഹകരണവുമായി ബന്ധപ്പെട്ട യുജിസി ചട്ടം ഭേദഗതി ചെയ്താണ് പുതിയ രീതി നടപ്പാക്കുന്നത്. ഭേദഗതി പ്രകാരം സംയുക്തമായി വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് കോഴ്സിന്റെ 30 ശതമാനം കാലയളവ് വിദേശ സർവകലാശാലയിൽ പഠിക്കാം. ഇതിനായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലയിൽ പ്രവേശനം നേടേണ്ടതില്ല. സമാന പ്രോഗ്രാമിൽ ചേരുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ പഠനത്തിനും ഇത് അവസരമൊരുക്കും.
നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) മിനിമം സ്കോറായ 3.01 ലഭിച്ചതോ, നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ സർവകലാശാല വിഭാഗത്തിൽ ആദ്യ 100 റാങ്കിൽ ഇടം പിടിച്ചതോ ആയ ഇന്ത്യൻ സ്ഥാപനങ്ങൾക്കാണ് വിദേശ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിന് അനുമതി നൽകുക. ഇന്ത്യൻ സ്ഥാപനങ്ങളുമായി സഹകരിക്കാൻ വിദേശ സ്ഥാപനങ്ങൾക്ക് യോഗ്യത ലഭിക്കുന്നതിന് ടൈംസ് ഹയർ എജുക്കേഷൻ, ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് എന്നിവയിലെ മികച്ച 1,000 പട്ടികയിൽ ഇടംപിടിക്കണം.
വിദേശ സർവകലാശാലകളുമായി ചേർന്നുള്ള കോഴ്സുകൾ പൂർത്തിയാക്കുന്നതിന് ഒരു വിദ്യാർത്ഥി തിരഞ്ഞെടുക്കുന്ന വിഷയത്തിൽ ഇന്ത്യൻ സർവകലാശാലയുമായി സഹകരിക്കുന്ന വിദേശ സർവകലാശാലയുടെ 30 കോഴ്സ് ക്രെഡിറ്റുകള്‍ സ്വന്തമാക്കിയാല്‍ മതി. ട്വിന്നിങ് പ്രോഗ്രാമിലൂടെ കോഴ്സ് പൂർത്തിയാക്കുന്നതിന് വിദ്യാർത്ഥി വിദേശ സർവകലാശാലയിൽ നേരിട്ടെത്തി (എക്സ്ചേഞ്ച് പ്രോഗ്രാം) തിരഞ്ഞെടുത്ത വിഷയത്തിൽ വിദേശ സർവകലാശാലയുടെ 30 കോഴ്സ് ക്രെഡിറ്റുകൾ പൂർത്തിയാക്കണം. വിദേശത്തു നിന്നും ഇന്ത്യൻ സർവകലാശാലകളിലെത്തുന്ന വിദ്യാർത്ഥികൾക്കും ഇത് ബാധകമാണ്. ഇന്ത്യൻ സർവകലാശാലയും വിദേശ സർവകലാശാലയും പരസ്പരം കരാർ ഒപ്പു വച്ചുകൊണ്ട് നൽകുന്നതാണ് ജോയിന്റ് ഡിഗ്രികൾ.
പുതിയ നയം അന്താരാഷ്ട്ര റാങ്കിങ്ങിൽ താഴെ നില്‍ക്കുന്ന, സ്വന്തം രാജ്യത്ത് പോലും അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനിടയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
വിദേശ സർവകലാശാലകളുമായുള്ള സഹകരണം മുന്‍നിർത്തി ഉയർന്ന ഫീസ് ഈടാക്കാൻ സ്വകാര്യ ഇന്ത്യൻ സർവകലാശാലകളെ പ്രോത്സാഹിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഒരു വിദേശ സർവകലാശാലയുമായി കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് ഇന്ത്യൻ സ്ഥാപനം യുജിസിയുടെ അംഗീകാരം നേടണമെന്ന നിയന്ത്രണവും ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ വിദേശ സർവകലാശാലകൾ നൽകുന്ന ബിരുദങ്ങൾക്ക് തുല്യത നൽകുന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ അക്രഡിറ്റേഷനും ആവശ്യമില്ലാതെ വരും.

Eng­lish Sum­ma­ry: For­eign Uni­ver­si­ty Inter­ven­tion: The stan­dard of edu­ca­tion will be compromised

You may like this video also

Exit mobile version