Site iconSite icon Janayugom Online

ലഖിംപുര്‍ കൂട്ടക്കൊല; ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ലഖിംപുര്‍ കൂട്ടക്കൊലപാതകത്തിലെ പ്രതി ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്‌. എന്നാല്‍ ഇത് കൂട്ടക്കൊല നടന്ന ഒക്ടോബര്‍ മൂന്നിന് ആണോ എന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് പ്രതികരിച്ചു. കര്‍ഷക പ്രതിഷേധത്തിന് നേരെ ആശിഷിന്റെ വാഹനവ്യൂഹം ഇടിച്ച് കയറ്റിയ സംഭവത്തില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന സ്ഥലത്ത് നിന്ന് രണ്ട് ബുള്ളറ്റുകള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് ആശിഷ് മിശ്രയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ റൈഫിളും റിവോള്‍വറും പിടിച്ചെടുത്തിരുന്നു. ഫോറന്‍സിക് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് തോക്കില്‍ നിന്ന് വെടിയുതിര്‍ന്നുവെന്ന സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. 

പ്രദേശത്ത് നിന്ന് കണ്ടെത്തിയ ബുള്ളറ്റുകള്‍ ഈ തോക്കിലുണ്ടായിരുന്നതാണെന്നും തിരിച്ചറിഞ്ഞു. എന്നാല്‍ കൂട്ടക്കൊല നടന്ന ദിവസമാണോ ഇത് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് പോലീസ് പറയുന്നത്‌. ലഖിംപുര്‍ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്. എന്തായാലും ഇപ്പോള്‍ ബുള്ളറ്റ് കണ്ടെടുത്ത കേസില്‍ ഉള്‍പ്പെടെ കൂടുതല്‍ അന്വേഷണവും പരിശോധനകളും വേണമെന്നാണ് പോലീസ് നിലപാട്. കോടതിയുള്‍പ്പെടെ വിമര്‍ശനമുന്നയിച്ച ശേഷമാണ് ലഖിംപുര്‍ കൂട്ടക്കൊലയില്‍ ആശിഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ENGLISH SUMMARY:Forensic report says Ashish Mishra fired the gun
You may also like this video

Exit mobile version