വനം വകുപ്പിൽ അടിമകളെപ്പോലെ ജോലി ചെയ്തുവന്നിരുന്ന തൊഴിലാളികളെ മോചിപ്പിച്ച് സംഘടിക്കാനും സമരം ചെയ്യാനും നേത്യത്വം കൊടുത്ത സംഘടനയാണ് എഐടിയുസി നേതൃത്വത്തിലുള്ള കേരളാ സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ. തൊഴിലാളികളെ അവകാശ ബോധമുള്ളവരാക്കി സംഘടിത ശക്തിയാക്കുന്നതിൽ എഐടിയുസി നിർണായകമായ പങ്കുവഹിച്ചു. റേഞ്ചുഫോറസ്റ്റ് ഓഫീസർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എന്നിവരുടെ ഇംഗിതങ്ങൾക്ക് അനുസരിച്ച് വീട്ടുജോലിക്കുവരെ നിയോഗിക്കപ്പെട്ടവരാണ് വനം വകുപ്പിലെ തൊഴിലാളികൾ. വനമേഖലയിലെ സുരക്ഷിതത്വത്തിനും വന്യജീവികളുടെ സംരക്ഷണത്തിനും ഉൾപ്പെടെ നിയോഗിക്കപ്പെട്ടവർ മഴയും മഞ്ഞും വകവയ്ക്കാതെ 24 മണിക്കൂറും ജോലി ചെയ്തും മാസത്തിൽ 30 ദിവസം ജോലി ചെയ്താലും ഫോറസ്റ്റ് ഓഫീസർമാരുടെ കനിവിനനുസരിച്ചാണ് വേതനം ലഭിച്ചിരുന്നത്. മാസത്തിൽ 15 ദിവസവും 10 ദിവസത്തിൽ താഴെയുമാണ് ഓഫീസർമാർ വേതനം നൽകിയിരുന്നത്. ചെക്ക് ഓഫീസർമാരുടെ പേരിൽ മാറ്റി എടുത്തശേഷം അവർ കൊടുക്കുന്ന വേതനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നവരാണ് തൊഴിലാളികൾ. പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞുവന്ന തൊഴിലാളികൾ തിരുവായ്ക്ക് എതിർവായില്ലാതെ സാറന്മാരുടെ കനിവിനുവേണ്ടി എന്തുജോലിയും ചെയ്യുവാൻ നിർബന്ധിതരായിരുന്നു. അടുക്കളപ്പണിയും അടിവസ്ത്രം കഴുകലും യജമാനൻമാരുടെ നിർബന്ധത്തിനു വഴങ്ങി ചെയ്യേണ്ട ഗതികെട്ട ഒരു കാലഘട്ടം വനം വകുപ്പിൽ ഏറെ അകലെയല്ലാതെ ഉണ്ടായിരുന്നു. കാട്ടുമൃഗങ്ങളെയും കൊള്ളക്കാരെയും നേരിട്ടുകൊണ്ട് വനസംരക്ഷണ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾ കുടുംബം പുലർത്തുവാൻ യജമാനൻമാരെ അനുസരിച്ചും അടിമസമാനമായ ജീവിതം നയിച്ചും വന്നിരുന്നു.
വനംവകുപ്പ് ഭരിച്ചിരുന്ന ജനതാദളിന്റെയും കോൺഗ്രസിന്റെയും താല്പര്യങ്ങൾക്കനു സരിച്ച് ചില തൊഴിലാളി യൂണിയനുകൾ രൂപം കൊണ്ടിരുന്നെങ്കിലും അല്പായുസായി മാറുന്ന കാഴ്ചയാണ് കണ്ടത്. വകുപ്പിന്റെ ഭരണം മാറുമ്പോൾ യൂണിയന്റെ പ്രവർത്തനവും അവസാനിച്ച കാലങ്ങളായിരുന്നു തൊഴിലാളികൾ ദർശിച്ചത്. എന്നാൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ബിനോയ് വിശ്വം വനം വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് സംസ്ഥാനത്ത് അങ്ങിങ്ങായി പ്രവർത്തിച്ചുവന്ന തൊഴിലാളി യൂണിയനുകളെ സംയോജിപ്പിച്ച് എഐടിയുസിയുടെ നേതൃത്വത്തിൽ 2009 നവംബർ 15 ന് എറണാകുളത്തുവച്ച് കേരളാ സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയന്റെ രൂപീകരണ സമ്മേളനം എഐടിയുസി ജനറൽ സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തത്. അതുവരെയുണ്ടായിരുന്നത് തിരുവനന്തപുരത്ത് നെയ്യാറിലും ഇടുക്കിയിലും പുനലൂരിലും ചില പ്രാദേശിക തല സംഘടനാ പ്രവർത്തനങ്ങളായിരുന്നു. ഇവരെയെല്ലാം എറണാകുളത്തു ഒത്തുകൂട്ടി യൂണിയൻ രൂപീകരിക്കുന്നതിൽ മുൻ നിന്നത് അന്തരിച്ചുപോയ കുറ്റിയാനിക്കാട് മധു ആയിരുന്നു. തൊഴിലാളിയായിരുന്ന നെയ്യാറിലെ റ്റി വിജയൻ എല്ലാ ജില്ലകളിലുംപെട്ട തൊഴിലാളികളെ ഏകോപിപ്പിക്കുന്നതിൽ ശ്രമകരമായ പങ്കുവഹിച്ചു. ആദ്യയോഗത്തിൽ ബാബുപോൾ അധ്യക്ഷനായിരുന്നു.
ഇതുകൂടി വായിക്കാം; ജില്ലയിലെ വന വിസ്‌തൃതി കൂട്ടാന്‍ കര്‍ഷകരെ സംരക്ഷിച്ച് വനം വകുപ്പ്.
ബാബുപോൾ പ്രസിഡന്റും ഇ എസ് ബിജിമോൾ, കള്ളിക്കാട് ചന്ദ്രൻ എന്നിവർ വൈസ് പ്രസിഡന്റുമാരും കെ പി ശങ്കരദാസ് ജനറൽ സെക്രട്ടറിയും റ്റി വിജയൻ ജോയിന്റ് സെക്രട്ടറിയും മീനാങ്കൽ കുമാർ ട്രഷററും ആയി താൽക്കാലിക സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകി. തുടർന്ന് എഐടിയുസി സഹകരണത്തോടെ എല്ലാ ജില്ലകളിലും കൺവെൻഷനുകൾ വിളിച്ചുകൂട്ടി ജില്ലാ കമ്മിറ്റികൾക്ക് രൂപം നല്കി 2009 നവംബർ 29 ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗ തീരുമാനമനുസരിച്ച് രജിസ്ട്രേഷൻ സംബന്ധിച്ച നടപടികൾ സ്വീകരിക്കുകയും അതിന്റെ ഫലമായി 01–14 — 2010 നമ്പരായി രജിസ്ട്രേഷൻ ലഭിക്കുകയും സംഘടനയെ എഐടിയുസിയിൽ അഫിലിയേറ്റ് ചെയ്യുകയും ചെയ്തു. വനമേഖലയിലെ തൊഴിലാളികൾ ആയിട്ടുള്ള വാച്ചർമാർ, ഗാർഡനർ, ഡ്രൈവർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, അനിമൽകീപ്പർ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികളുടെ പ്രശ്നങ്ങൾ അധികാരികളുടെ മുമ്പിൽ സംഘടന നിവേദന രൂപത്തിൽ അവതരിപ്പിക്കുകയുണ്ടായി.
വനമേഖലയിലെ തൊഴിലാളികളെ മറ്റുള്ളവരിൽ നിന്നും തിരിച്ചറിയുന്നതിനായി യൂണിഫോം അനുവദിക്കണമെന്നും തിരിച്ചറിയൽ കാർഡ് നല്കണമെന്നും അപകടസാധ്യതയുള്ള മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പരിരക്ഷയായി ഇൻഷുറൻസ് ഏർപ്പെടുത്തണമെന്നും ഉൾവനങ്ങളിൽ ക്യാമ്പ് ചെയ്യുന്ന തൊഴിലാളികൾക്ക് ക്യാമ്പ് റേഷൻ അനുവദിക്കണമെന്നും സ്ലീപ്പിങ് ബാഗ്, റെയിൻകോട്ട്, കാലുറ, മാസത്തിൽ 26 ദിവസത്തെ വേതനം എന്നിവ നല്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. മന്ത്രി ബിനോയ് വിശ്വം വിളിച്ചുചേർത്ത യൂണിയന്റെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അനുകൂലമായ ചർച്ചയും തീരുമാനവും ഉണ്ടായി. എങ്കിലും ഉദ്യോഗസ്ഥ മേധാവികളിൽ നിന്നും മെല്ലെപ്പോക്കും തടസവാദങ്ങളും നിരത്തി ഏകരൂപമായ വിധത്തിൽ കാര്യങ്ങൾ നടപ്പിലാക്കിയില്ല. ചില മേഖലകളിൽ യൂണിഫോം, തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ്, റെയിൻകോട്ട്, നടപ്പിലാക്കുകയുണ്ടായി. ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് ഇഡിസി, വിഎസ്എസ് ഇവയിലൂടെ നടപ്പാക്കി മാസത്തിൽ 10 ദിവസം 15 ദിവസം എന്ന കണക്കിൽ ലഭിച്ചിരുന്ന വേതനം 26 ദിവസം വരെ പലേടത്തും ലഭിക്കാനിടയായി.
ഇതുകൂടി വായിക്കാം;മറയൂരില്‍ ചന്ദന തൈകളും നട്ടുപരിപാലിച്ച് വനംവകുപ്പ്
തൊഴിലാളികൾക്ക് ആദ്യമായി ഫെസ്റ്റിവൽ അലവൻസ് ലഭിച്ചത് യൂണിയന്റെ ഇടപെടലിന്റെ ഫലമായി ബിനോയ് വിശ്വം മന്ത്രിയായിരുന്നപ്പോഴാണ്. എന്നാൽ ഓരോ വർഷവും ഫെസ്റ്റിവൽ അലവൻസ് ലഭിക്കാൻ സമരം ചെയ്യേണ്ട അവസ്ഥയാണ് പല ജില്ലകളിലും ഉള്ളത്. ഫെസ്റ്റിവൽ അലവൻസിന് വനമേഖലയിലെ തൊഴിലാളികൾക്ക് അർഹതയുണ്ടോ എന്ന സംശയം തീരാത്ത ഉദ്യോഗസ്ഥന്മാർ വനം വകുപ്പിൽ ഇപ്പോഴുമുണ്ട് എന്നതാണ് വിചിത്രം. യൂണിയൻ ആവശ്യപ്പെട്ട പ്രകാരം തൊഴിലാളികളുടെ ശമ്പളം പരിഷ്കരിക്കാൻ തയാറായി എങ്കിലും ആ വർധന അപര്യാപ്തമാണെന്നും ജീവനക്കാരെ മിനിമം വേജസിന്റെ ഷെഡ്യൂളിൽപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നല്കിയ നിവേദനത്തിന്റെയും ഇടപെടലിന്റെയും ഫലമായി ബിനോയ് വിശ്വത്തിന്റെ കാലത്ത് ആവശ്യം അംഗീകരിക്കാൻ സാധിച്ചു.
സർക്കാരിന്റെ മറ്റു വകുപ്പുകളിൽ 10 വർഷം സർവീസുള്ളവരെ സ്ഥിരപ്പെടുത്തിയപ്പോൾ വനംവകുപ്പു തൊഴിലാളികളെയും സ്ഥിരപ്പെടുത്താനുള്ള ബിനോയ് വിശ്വം എടുത്ത നടപടിയുടെ ഭാഗമായി ലിസ്റ്റ് തയാറാക്കി നടപടികളിലേക്ക് പോയെങ്കിലും അതിന് കഴിയാതെ പോയി. ഭരണമാറ്റമുണ്ടായി പ്രതിപക്ഷത്തായിരുന്നപ്പോഴും തൊഴിലാളികളുടെ വിഷയത്തിൽ നിവേദനങ്ങളും സമരങ്ങളും നടത്തി യൂണിയൻ സജീവമായ ഇടപെട്ടു. തൊഴിലാളികളുടെ വിശ്വാസം നേടിയെടുത്തു. യുഡിഎഫ് ഭരണകാലത്ത് ബി ഗണേഷ് കുമാറും തിരുവഞ്ചൂർ രാധാകൃഷ്ണനും വനംവകുപ്പ് ഭരിച്ചിരുന്നപ്പോഴും ഫോറസ്റ്റ് വർക്കേഴ്സ് യൂണി യനെ ചർച്ചയ്ക്കു വിളിച്ചു കാര്യങ്ങൾ ആലോചിച്ചിരുന്നു. ഗണേഷ് കുമാർ മന്ത്രിയായിരുന്നപ്പോൾ തൊഴിലാളികളെ പിരിച്ചുവിടാൻ ശ്രമമുണ്ടായി. യൂണിയന്റെ ഇടപെടലിന്റെ ഫലമായി നിലവിലുള്ള തൊഴിലാളികളെ ആരെയും പിരിച്ചുവിടില്ലെന്ന് ഉറപ്പു നല്കിയും അത് പാലിക്കുകയും ചെയ്തു. തിരുവഞ്ചുർ മന്ത്രിയായിരുന്നപ്പോൾ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ തുടർച്ചയായി എട്ടു ദിവസം സമരം നടന്നു. എട്ടാം ദിവസം മന്ത്രി വിളിച്ചുചേർത്ത അനുരഞ്ജന ചർച്ചയുടെ ഫലമായിട്ടാണ് തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ തീരുമാനിക്കുകയും 20 വർഷം സർവീസുള്ളവരെ സ്ഥിരപ്പെടുത്തുകയും ചെയ്തത്.
ഇതുകൂടി വായിക്കാം; മരംമുറി: യാഥാർത്ഥ്യവും വിവാദവും
പിണറായി വിജയൻ മന്ത്രിസഭയിൽ അഡ്വ. കെ രാജു വനം മന്ത്രിയായിരുന്നപ്പോൾ തൊഴിലാളികളുടെ മിനിമം വേതനം പരിഷ്കരിക്കുകയുണ്ടായി. സ്ഥിരപ്പെടുത്തൽ അജണ്ട മന്ത്രിസഭാ യോഗത്തില്‍ വന്നപ്പോൾ സെക്രട്ടേറിയറ്റിനു പുറത്തെ സമര കോലാഹലങ്ങൾ കാരണം അജണ്ട മാറ്റിവയ്ക്കുകയും എൽഡിഎഫിന്റെ തുടർഭരണം ഉണ്ടായാൽ സ്ഥിരപ്പെടുത്തലിന് ഒന്നാമത്തെ പരിഗണന നല്കി അംഗീകാരം നല്കാമെന്ന് ഉറപ്പ് നല്കുകയും ചെയ്തിരുന്നതാണ്. തൊഴിലാളികളും യുവജനങ്ങളും എൽഡിഎഫിൽ കൂടുതൽ വിശ്വസിച്ചു. തുടർ സർക്കാർ ഉണ്ടായി. 10 വർഷം സർവീസ് ഉള്ളവർ സ്ഥിരപ്പെടുമെന്ന പ്രതീക്ഷയിൽ കഴിയുമ്പോഴാണ് വനം വകുപ്പിൽ ഇരുട്ടടിയെന്നോണം 56 വയസ് കഴിഞ്ഞ പട്ടികജാതി പട്ടികവർഗക്കാർ അല്ലാത്തവരെ പിരിച്ചുവിടണമെന്നും ആവശ്യമെങ്കിൽ തൽസ്ഥാനത്ത് പുതിയ നിയമനം നടത്താമെന്നും അഞ്ചു വർഷം കഴിഞ്ഞ് സർവീസിൽ തുടരുന്നവരുടെ ലിസ്റ്റ് ശേഖരിക്കണമെന്നും വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റ (ഭരണം) റുടെ ഉത്തരവ് പുറത്തു വന്നിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത നയത്തിനെതിരായ തൊഴിലാളി വിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ വനംവകുപ്പു മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകുകയും വാഴുർ സോമൻ എംഎൽഎ നേരിട്ട് ഇടപെടുകയും ചെയ്തു എങ്കിലും ഫലമുണ്ടാകാത്തതിനാൽ റേഞ്ചാഫീസുകൾക്കു മുമ്പിലും ജില്ലാ ഡിഎഫ്ഒ ഓഫീസുകൾക്കു മുമ്പിലും പ്രതിഷേധ സമരങ്ങൾ നടത്തുകയുണ്ടായി. നവംബർ എട്ടാം തീയതി സെക്രട്ടേറിയറ്റിനു മുന്നിലും പ്രതിഷേധ ധർണ നടത്തിയെങ്കിലും ചർച്ചക്കു പോലും വിളിക്കുന്ന സാഹചര്യം ഉണ്ടായില്ല. അതിനാലാണ് വനം മന്ത്രിയുടെ വനമേഖലയിലെ പരിപാടിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്ന തീരുമാനത്തിന്റെ ഭാഗമായി നവംബർ 11 ന് നെയ്യാർ എക്കോടൂറിസം കേന്ദ്രങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സമാധാനപരമായ പ്രതിഷേധം മാത്രമായിട്ടാണ് അത് സംഘടിപ്പിച്ചത്.
പ്രതിഷേധ സമരത്തിന്റെ തുടർച്ചയായി നവംബർ 22 മുതൽ 26 വരെ സെക്രട്ടേറിയറ്റ് ധര്‍ണ നടക്കുകയാണ്. എല്ലാ ജില്ലകളിൽ നിന്നും തൊഴിലാളികൾ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് ധർണ ഇന്നലെ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. ഭരണത്തിന്റെയോ കൊടിയുടെയോ നിറം നോക്കാതെ തൊഴിലാളികളുടെ ആവശ്യങ്ങൾക്കു വേണ്ടി നിലകൊണ്ട സംഘടന എന്ന നിലയിൽ തൊഴിലാളികൾ വിശ്വസിക്കുന്ന വന മേഖലയിൽ പ്രവർത്തിക്കുന്ന ഏക സംഘടന എന്ന നിലയിൽ ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ മുന്നോട്ട്.