Site iconSite icon Janayugom Online

ആലത്തൂര്‍ മുന്‍ എംഎല്‍എ എം ചന്ദ്രന്‍ അന്തരിച്ചു

ആലത്തൂർ മുൻ എംഎൽഎയും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ആനക്കര ചേക്കോട് മേലപ്പുറത്ത് എം ചന്ദ്രൻ (76) അന്തരിച്ചു. വർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അവിടെവെച്ചായിരുന്നു അന്ത്യം

1987 മുതല്‍ 98വരെ പാര്‍ട്ടി പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 2006മുതല്‍ 2016വരെ ആലത്തൂരില്‍ എംഎല്‍എ ആയിരുന്നു. മുന്‍എംഎല്‍എ എം.കൃഷ്ണന്‍റെയും,കെ പി അമ്മുക്കുട്ടിയുടെയുംമകനായി 1946 ജൂലൈ 15ന് ആനക്കരയില്‍ ജനിച്ചു. ഭാര്യ: കെ കോമളവല്ലി. മക്കൾ: എംസി ആഷി (ഗവ. പ്ലീഡർ, ഹൈക്കോടതി), എം സി ഷാബി ( ചാർട്ടേഡ് അകൗണ്ടൻ്റ്). മരുമക്കൾ: സൗമ്യ, ശ്രീഷ. സംസ്ക്കാരം നാളെ.

എം ചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗവും ആലത്തൂർ എംഎൽഎയുമായിരുന്ന എം ചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

പാലക്കാട് ജില്ലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബഹുജന നേതാവായിരുന്നു എം ചന്ദ്രൻ. ദീർഘകാലം സി.പി.ഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ചു. തൊഴിലാളിവർഗ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വിവിധ മേഖലകളിലുള്ള തൊഴിലാളികളെ സംഘടിപ്പിച്ച് അണിനിരത്തുന്നതിൽ ചന്ദ്രൻ നേതൃപാടവം പ്രകടമാക്കി.

ശ്രദ്ധേയനായ നിയമസഭാംഗമായിരുന്നു ചന്ദ്രൻ. അദ്ദേഹത്തിന്റെ സഭയിലെ സജീവമായ ഇടപെടലുകൾ ജനകീയ ആവശ്യങ്ങൾ സഭാതത്തിൽ പ്രതിധ്വനിപ്പിക്കുന്നതിനും നിയമനിർമ്മാണ പ്രക്രിയയെ കൂടുതൽ സജീവമാക്കുന്നതിനും സഹായിച്ചു.

പാലക്കാട് ജില്ലയിൽ പാർട്ടിക്കെതിരെയുള്ള കടന്നാക്രമണ ഘട്ടത്തിൽ അതിനെതിരെ ശക്തമായ നേതൃത്വം നൽകി നയിച്ച നേതാവായിരുന്നു ചന്ദ്രൻ.

എം. ചന്ദ്രന്റെ വിയോഗം തൊഴിലാളിവർഗ പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മുൻ എംഎൽഎ എം ചന്ദ്രൻറെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു 

സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗവും ആലത്തൂർ എംഎൽഎയുമായിരുന്ന എം . ചന്ദ്രൻറെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ അനുശോചിച്ചു.

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെഎസ്എഫിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം താഴേ തട്ടിൽ നിന്നും ഉയരത്തിൽ എത്തിയ നേതാവ് ആയിരുന്നു.

സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിച്ച വളരെ ജനകീയനായ നേതാവായിരുന്ന എം. ചന്ദ്രൻറ മികച്ച നിയമസഭാ സാമാജികനും സംഘാടകനുമായിരുന്നു എന്നും സ്പീക്കർ അനുസരിച്ചു..

എം. ചന്ദ്രൻറെ കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.

Eng­lish Sum­ma­ry: For­mer Alathur MLA M Chan­dran passed away

You may also like this video:

Exit mobile version