Site iconSite icon Janayugom Online

ആംനസ്റ്റി ഇന്ത്യ മുൻ മേധാവിയെ വിമാനത്താവളത്തിൽ തടഞ്ഞു

രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനിന്റെ മുന്‍ ഇന്ത്യാ മേധാവിയായിരുന്ന ആകാര്‍ പട്ടേലിനെ ബംഗളുരു വിമാനത്താവളത്തില്‍ തടഞ്ഞു. യുഎസിലേക്ക് പോകുന്നതിന് വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. ആംനസ്റ്റി ഇന്ത്യയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ അടിസ്ഥാനത്തില്‍ പട്ടേലിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ നിലവിലുണ്ടെന്നാണ് സിബിഐ അറിയിച്ചത്. ഇക്കാര്യം ഒരു സിബിഐ ഓഫീസര്‍ തന്നെ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ആകാര്‍ പട്ടേല്‍ ട്വീറ്റ് ചെയ്തു. മോഡി സര്‍ക്കാരിന്റെ നയങ്ങളെ നിരന്തരം വിമര്‍ശിക്കുന്ന പൗരാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ് ആകാര്‍ പട്ടേല്‍. മോഡി ഭരണത്തിന്റെ വീഴ്ചകളെ അക്കമിട്ട് നിരത്തുന്ന ‘പ്രൈസ് ഓഫ് മോഡി ഇയേഴ്‌സ്’ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.

യുഎസിലേക്ക് യാത്ര ചെയ്യുന്നതിന് ഗുജറാത്തിലെ ഒരു കോടതി അനുമതി നല്‍കിയിട്ടും തന്നെ തടയുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് സൂറത്തിലെ കോടതി ആകാര്‍ പട്ടേലിന് യാത്രാ അനുമതി നല്‍കിയതെന്ന് സിബിഐ പറയുന്നു. 36 കോടി രൂപയുടെ വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് എഫ്‌സിആർഎ ലംഘനത്തിന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയ്ക്കും മറ്റുള്ളവർക്കുമെതിരെ സിബിഐ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന് വിദേശ യാത്ര ചെയ്യാൻ അനുമതി നിഷേധിച്ചതെന്നും സിബിഐ പറഞ്ഞു.

2019ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആംനെസ്റ്റിക്കെതിരെ പരാതി നല്‍കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ 10 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി ആംനസ്റ്റി ഇന്ത്യ ലണ്ടനിലെ ഓഫീസില്‍ നിന്ന് സ്വീകരിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. യുകെ ആസ്ഥാനമായുള്ള സ്ഥാപനങ്ങളിൽ നിന്ന് ആംനെസ്റ്റി ഇന്ത്യയിലേക്ക് മറ്റൊരു 26 കോടി രൂപ കൂടി എത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish Summary:Former Amnesty India boss detained at airport
You may also like this video

Exit mobile version