Site iconSite icon Janayugom Online

ക്രൈസ്റ്റ് കോളജ് മുന്‍ പ്രൊഫസര്‍ എം വി വര്‍ഗീസ് നിര്യാതനായി

മൂന്നു പതിറ്റാണ്ടോളം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സേവനമനിഷ്ഠിച്ച പ്രശസ്ത ഇംഗ്ലിഷ് പ്രൊഫസര്‍ എം.വി. വര്‍ഗീസ് (83) നിര്യാതനായി. വന്‍ ശിഷ്യ സമ്പത്തിനുടമയായ അദ്ദേഹം കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച അന്തരിച്ചത്. സംസ്‌കാരം തൊടുപുഴയ്ക്കടുത്തുളള നെടിയശാല സെ. മേരീസ് പള്ളിയില്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30 നടക്കും.

1940ല്‍ ജനിച്ച അദ്ദേഹം 1964ല്‍ തൃശൂര്‍ സെ. തോമസ് കോളജിലാണ് ആദ്യം അദ്ധ്യാപകനായി ചേരുന്നത്. അവിടെ മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷമായിരുന്നു ക്രൈസ്റ്റ് കോളജിലേക്ക് എത്തുന്നത്. നീണ്ട 28 വര്‍ഷത്തെ സേവനത്തിനു ശേഷം 1995ലാണ് വിരമിക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അടക്കം ഓട്ടനവധി പ്രശസ്തര്‍ അദ്ദേഹത്തിന്റെ ശിഷ്യരാണ്.

പാഠപുസ്തകങ്ങള്‍ തെളിമയോടെ അവതരിപ്പിക്കുന്ന കാര്യത്തില്‍ കീര്‍ത്തിയുള്ള അദ്ദേഹം, കേരളം കണ്ട ഏറ്റവും മികച്ച ഇംഗ്‌ളിഷ് വ്യാകരണ അദ്ധ്യാപകരില്‍ ഒരാളുമായിരുന്നു. തന്റെ 80കളിലേക്കു കടന്ന അദ്ദേഹത്തെ കാണാന്‍ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു എന്നതു തന്നെ ഗുരു-ശിഷ്യ ബന്ധത്തിന്റെ ദാര്‍ഢ്യം വെളിപ്പെടുത്തുന്നു. വെളുപ്പിനു വരെ പാഠഭാഗങ്ങള്‍ പഠിച്ച ശേഷം ക്ലാസിലെത്തിയിരുന്ന അദ്ധ്യാപകന്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ലക്ചര്‍ കേള്‍ക്കാനായി മറ്റു ക്ലാസുകളില്‍ നിന്നും കുട്ടികള്‍ എത്തിയിരുന്നു എന്നതും അദ്ദേഹത്തിന്റെ മാറ്റ് വ്യക്തമാക്കുന്നു. മുന്‍ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ അടക്കം പലരും അദ്ദേഹത്തോടൊപ്പം ക്രൈസ്റ്റില്‍ സ്റ്റാഫ്‌റൂം പങ്കുവച്ചവരില്‍ പെടുന്നു. അദ്ധ്യാപനത്തിനു പുറമെ, 1980കളില്‍ ഇടുക്കി ജില്ലാ വേളിബോള്‍ ടീമിന്റെ വളര്‍ച്ചയ്ക്കായും പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ ചിന്നമ്മ വര്‍ഗീസ് (പെരുമ്പ്രാല്‍). മകന്‍ ലിയോണ്‍സ് ജോര്‍ജ് (ജേണലിസ്റ്റ്), മകള്‍ ലിസി ജോര്‍ജ് (ഐടി പ്രൊഫഷണല്‍), മരുമക്കള്‍ ശ്രീനി വേണുഗോപാല്‍ (ഐടി പ്രൊഫഷണല്‍), ദീപ ജോണ്‍. കൊച്ചുമക്കള്‍ ജോര്‍ജീന ആന്‍ ലിയോണ്‍സ്, സിദ്ധാര്‍ത്ഥ് വി. ശ്രീനി, സമ്പത്ത് വി. ശ്രീനി.

eng­lish sum­ma­ry; For­mer Christ Col­lege Pro­fes­sor MV Vargh­ese passed away

you may also like this video;

Exit mobile version