Site iconSite icon Janayugom Online

മുൻ എഫ്ബിഐ മേധാവി ജെയിംസ് കോമിക്കെതിരെ കുറ്റം ചുമത്തി

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ പ്രതികാര നടപടികള്‍ വര്‍ധിക്കുന്നതിനിടെ, മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് ക്രിമിനൽ കുറ്റം ചുമത്തി. തെറ്റായ പ്രസ്താവനകൾ നടത്തിയെന്നും കോൺഗ്രസിന്റെ അന്വേഷണം തടസപ്പെടുത്തിയെന്നുമാണ് കോമിക്കെതിരെയുള്ള ആരോപണം. കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ഫെഡറല്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് പ്രതികരിച്ച കോമി, താന്‍ നിരപരാധിയാണെന്നും വ്യക്തമാക്കി. വിചാരണ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റായതിനു പിന്നാലെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള നടപടികള്‍ ട്രംപ് ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമെന്നോണം ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ്, ട്രംപിന്റെ ആദ്യ ഭരണകാലത്ത് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ ബോള്‍ട്ടണ്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയും നീതിന്യായ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. അമേരിക്കൻ നിയമ നിർവഹണ ഏജൻസികളെ രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പതിറ്റാണ്ടുകളായി പിന്തുടരുന്ന മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ നിലവിലെ നടപടികള്‍.

കോമിയെയും മറ്റ് വിമർശകരെയും പ്രോസിക്യൂട്ട് ചെയ്യാൻ അറ്റോർണി ജനറൽ പാം ബോണ്ടിക്കുമേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തുന്നുതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റഷ്യയും ട്രംപിന്റെ 2016 ലെ പ്രചാരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള എഫ്ബിഐ അന്വേഷണത്തിന് കോമിയാണ് നേതൃത്വം നല്‍കിയത്. ഈ വിഷയത്തില്‍ ട്രംപിന് കോമിയോട് സ്ഥിര വെെരാഗ്യമുണ്ട്. 2017 ൽ, തന്റെ ആദ്യ ഭരണകാലത്തിന്റെ തുടക്കത്തിൽ തന്നെ, ട്രംപ് കോമിയെ ചുമതലകളില്‍ നിന്ന് പുറത്താക്കിയിരുന്നു.

Exit mobile version