Site iconSite icon Janayugom Online

മുൻ ഫുട്ബോൾ താരം മിഖെയ്‌ൽ കവെലഷ്‌വിലി ജോർജിയയുടെ പ്രസിഡന്റാകും; തെരഞ്ഞെടുപ്പ്‌ ഫലം അംഗീകരിക്കുന്നില്ലെന്ന് നിലവിലെ പ്രസിഡന്റ്

മുൻ ഫുട്ബോൾ താരം മിഖെയ്‌ൽ കവെലഷ്‌വിലി ജോർജിയയുടെ പ്രസിഡന്റാകും. എന്നാൽ തെരഞ്ഞെടുപ്പ്‌ ഫലം അംഗീകരിക്കുന്നില്ലെന്ന് നിലവിലെ പ്രസിഡന്റ് സലോമി സുറാബിഷ്‌വിലി പ്രഖ്യാപിച്ചു. കടുത്ത പാശ്ചാത്യപക്ഷവാദിയാണ സലോമി. അവരെ ഇംപീച്ച്‌ ചെയ്യാൻ കവെലഷ്‌വിലിയുടെ പാർട്ടിയായ ജോർജിയൻ ഡ്രീം ശ്രമിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത് വൈകിപ്പിക്കുന്നു എന്നാരോപിച്ച് ജോര്‍ജിയയില്‍ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് മിഖെയ്‌ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. 

പ്രീമിയർ ലീഗിൽ മാഞ്ചസ്‌റ്റർ സിറ്റിയുടെ മുൻ സ്‌ട്രൈക്കറായ അദ്ദേഹം ഭരണപക്ഷ പാർട്ടിയായ ജോർജിയൻ ഡ്രീമിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു. ഒക്ടോബർ 26ന്‌ നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും ജോർജിയൻ ഡ്രീം വിജയിച്ചിരുന്നു. ഒക്ടോബർ 26നു നടന്ന തെരഞ്ഞെടുപ്പിൽ 300 അംഗ പാർലമെന്റിൽ കവലാഷ്‍വിലിയുടെ ജോർജിയൻ ഡ്രീം പാർട്ടി ഭൂരിപക്ഷം നേടിയിരുന്നു. റഷ്യ അനുകൂല, യൂറോപ്യൻ യൂണിയൻ വിരുദ്ധ സഖ്യമായ പീപ്പിൾസ് പവറിന്റെ ഭാഗമാണ് ജോർജിയൻ ഡ്രീം. 

2008ൽ റഷ്യൻ ആക്രമണത്തെത്തുടർന്ന് ജോർജിയയുടെ ഭാഗമായിരുന്ന ദക്ഷിണ ഒസേഷ്യയയും അബ്ഖാസിയയും റഷ്യൻ നിയന്ത്രണത്തിലായിരുന്നു. യൂറോപ്യൻ അനുകൂല ഭരണമായിരുന്നു കഴിഞ്ഞ 6 വർഷമായി ജോർജിയയിൽ. 2023 ൽ യൂറോപ്യൻ യൂണിയൻ ജോർജിയയ്ക്ക് കാൻഡിഡേറ്റ് പദവി നൽകിയിരുന്നു. എന്നാൽ, ഉപാധിയായി നിർദേശിച്ചിരുന്ന വ്യവസ്ഥകൾ പാലിക്കാതിരുന്നതിനാൽ കഴിഞ്ഞ ജൂണിൽ സാമ്പത്തികസഹായം നിർത്തലാക്കി. യൂറോപ്യൻ യൂണിയൻ അംഗത്വ ശ്രമം കഴിഞ്ഞ മാസം ജോർജിയൻ ഡ്രീം സസ്പെൻഡ് ചെയ്തിരുന്നു.

Exit mobile version