Site icon Janayugom Online

മുന്‍ ഇന്ത്യന്‍ ഫുടബോള്‍താരം ബി ദേവാനന്ദ് അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഫുടബോള്‍ താരം ബി ദേവാനന്ദ് അന്തരിച്ചു. 71 വയസായിരുന്നു. 1973 മുതല്‍ കേരളം ആദ്യം സന്തോഷ് ട്രോഫി നേടിയ ടീമില്‍ അംഗമായിരുന്നു. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലിരിക്കെയാണ് അന്ത്യം. ദേവാനന്ദിന്റെ ഇടതുകാല്‍ ഗുരുതര രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയിരുന്നു. ഇടതുകാലാണ് ക്രിട്ടിക്കല്‍ ലിംഫ് ഇസ്‌കീമിയ ബാധിച്ചതിനെ തുടര്‍ന്ന് മുറിച്ചുമാറ്റിയത്. 

കണ്ണൂര്‍ സ്വദേശിയായ ദേവാനന്ദ് കണ്ണൂരിലെ ബ്രദേഴ്‌സ് ക്ലബ്ബിലൂടെയാണ് ഫുട്‌ബോളില്‍ ഹരിശ്രീ കുറിച്ചത്. തുടര്‍ന്ന് കലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കുവേണ്ടിയും സംസ്ഥാന ‑ദേശീയ ടീമിലും നിരവധി മത്സരങ്ങള്‍ക്ക് ബൂട്ട് കെട്ടി. 1974ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ യൂത്ത് കപ്പ് ദേശീയ ടീമില്‍ അംഗമായിരുന്നു. ടാറ്റയ്ക്കുവേണ്ടിയാണ് കൂടുതല്‍ കാലം കളിച്ചത്. ഫെഡറേഷന്‍ കപ്പ്, ഡ്യൂറന്റ് കപ്പ് തുടങ്ങി നിരവധി ടൂര്‍ണമെന്റില്‍ ടാറ്റയ്ക്കുവേണ്ടി പ്രതിരോധനിരയിലുണ്ടായിരുന്നു. 1984ലാണ് ടാറ്റയില്‍നിന്ന് വിടപറഞ്ഞ് മുംബൈയിലെ താജ് ഹോട്ടലില്‍ പേഴ്‌സണല്‍ മാനേജരായി ജോലിയില്‍ പ്രവേശിച്ചത്.

2011ല്‍ വിരമിച്ചശേഷം തൃപ്പൂണിത്തുറയില്‍ സ്ഥിരതാമസമാക്കി. കേരള ഫുട്‌ബോള്‍ അസോസിയേഷനില്‍നിന്ന് മാസം ലഭിക്കുന്ന 2000 രൂപയും ഇപിഎഫില്‍നിന്നുള്ള 1500 രൂപയുമാണ് ആകെ വരുമാനമായുണ്ടായിരുന്നത്. ഇത്തവണ സന്തോഷ് ട്രോഫി മത്സരങ്ങള്‍ കാണാന്‍ മലപ്പുറത്തിന് പോകാന്‍ തയ്യാറായിരിക്കെയാണ് അസുഖം മൂര്‍ച്ഛിച്ചത്. ക്ഷമയാണ് ദേവാനന്ദിന്റെ ഭാര്യ. മകന്‍ നിഖില്‍ദേവ് വിപ്രോ ജീവനക്കാരനാണ്. മരുമകള്‍: ലക്ഷ്മി.

Eng­lish Sum­ma­ry: For­mer Indi­an foot­baller B Devanand pass­es away
You may also like this video

Exit mobile version