മുൻ കേരള ഫുട്ബോൾ താരം പി പൗലോസ്(76) അന്തരിച്ചു. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം ചൂടിയ ടീമിലെ നിർണ്ണായക സാന്നിധ്യമായിരുന്നു അദ്ദേഹം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.
പ്രതിരോധനിരയിൽ വിശ്വസ്തനായ താരമായിരുന്ന പൗലോസ് എട്ടുവർഷത്തോളം കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. 1979ൽ അദ്ദേഹം കേരള ടീമിനെ നയിക്കുകയും ചെയ്തു. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം മികച്ച സംഘാടകനായും അദ്ദേഹം തിളങ്ങി. കേരള ഫുട്ബോൾ അസോസിയേഷന്റെ സീനിയർ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള വിവിധ ഭരണപരമായ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. പ്രീമിയർ ടയേഴ്സ് താരമായിരുന്നു അദ്ദേഹം.
1973 ഡിസംബർ 27ന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടന്ന ചരിത്രപ്രസിദ്ധമായ ഫൈനലിലാണ് കേരളം കന്നി കിരീടം നേടിയത്. കരുത്തരായ റെയിൽവേസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആ മത്സരത്തിൽ നായകൻ ടി കെ എസ് മണിയുടെ ഹാട്രിക്കാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ആ ചരിത്ര വിജയത്തിൽ കേരളത്തിന്റെ പ്രതിരോധക്കോട്ട കാത്തവരിൽ പ്രമുഖനായിരുന്നു പൗലോസ്.

