സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗവും കുന്നംകുളം മുൻ എംഎൽഎയുമായ ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
സിപിഐ എം കുന്നംകുളം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം 2005ൽ ജില്ലാ സെക്രട്ടറിയേറ്റിലെത്തി. ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ്, കേരള കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പൊതുരംഗത്ത് സജീവമായിരുന്നു. യുവജന പോരാട്ടങ്ങളിൽ സജീവമായിരുന്ന അദ്ദേഹം മന്ത്രിമാരെ തെരുവിൽ തടഞ്ഞതടക്കമുള്ള നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാർജിനും അദ്ദേഹം ഇരയായിട്ടുണ്ട്. 1989ൽ കടവല്ലൂർ പഞ്ചായത്തംഗമായി പൊതുജീവിതം ആരംഭിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നംകുളം മണ്ഡലത്തിൽ ജില്ലയിലെ ചരിത്ര ഭൂരിപക്ഷത്തോടെ ആദ്യമായി വിജയിച്ചു. 2011ൽ തിളക്കമാർന്ന വിജയം ആവർത്തിച്ചു. എംഎൽഎ എന്ന നിലയിൽ കുന്നംകുളം മണ്ഡലത്തിൽ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. സാംസ്‌കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. നാടകത്തിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റായും നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു.

