Site iconSite icon Janayugom Online

കെെക്കൂലി കേസ്: പെറു മുന്‍ പ്രസിഡന്റിന് 14 വര്‍ഷം തടവ് ശിക്ഷ

പൊതുമരാമത്ത് കരാറുകളുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ പെറു മുൻ പ്രസിഡന്റ് മാർട്ടിൻ വിസ്‌കറയെ 14 വർഷം തടവിന് ശിക്ഷിച്ചു. ഒമ്പത് വര്‍ഷത്തേക്ക് പൊതുസ്ഥാനങ്ങള്‍ വഹിക്കുന്നതിനും വിലക്കുണ്ട്. ജയില്‍ ശിക്ഷ ലഭിക്കുന്ന രാജ്യത്തെ നാലാമത്തെ മുന്‍ പ്രസിഡന്റാണ് അദ്ദേഹം. മോക്വെഗ്വ ഗവർണറായിരിക്കെ ഒബ്രെയിൻസ, ലോമസ് ഡി ഇലോ എന്നീ കമ്പനികളിൽ നിന്ന് വിസ്‍കറ 6,76,470 ഡോളർ കൈപ്പറ്റിയതായി കോടതി കണ്ടെത്തി.
ആശുപത്രിയുടെ നിർമ്മാണവുമായും ഒരു ജലവൈദ്യുത പദ്ധതിയുടെയും ചെലവുമായി ബന്ധപ്പെട്ടാണ് കെെക്കൂലി വാങ്ങിയത്. വിധി വന്നയുടനെ വിസ്‌കറയെ കസ്റ്റഡിയിലെടുത്ത് ബാർബഡില്ലോ ജയിലിലേക്ക് മാറ്റി. ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. ഇതേ അന്വേഷണത്തിന്റെ ഭാഗമായി വിസ്‍കറയെ മുന്‍കൂര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പെഡ്രോ പാബ്ലോ കുസിൻസ്കി രാജിവച്ചതിനെത്തുടർന്ന് 2018 ൽ വിസ്‌കറ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും 2020 ൽ ഇംപീച്ച് ചെയ്യപ്പെടുകയും ചെയ്തു.

Exit mobile version