Site iconSite icon Janayugom Online

മധ്യപ്രദേശിൽ മുൻ പിഡബ്ള്യുഡി എൻജിനിയറുടെ വീട്ടിൽ റെയ്ഡ്; 3 കോടിയിലധികം രൂപയുടെ സ്വർണവും അനധികൃത സ്വത്തും പിടിച്ചെടുത്തു

മധ്യപ്രദേശിൽ പൊതുമരാമത്ത് വകുപ്പിലെ മുൻ ചീഫ് എൻജിനിയറുടെ വീട്ടിലും മറ്റ് സ്വത്തുവകകളിലുമായി ലോകായുക്ത നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപയുടെ സ്വത്ത് പിടിച്ചെടുത്തു. വിരമിച്ച ചീഫ് എൻജിനിയറായ ജി പി മെഹ്‌റയുടെ സ്വത്തുക്കളിലാണ് ലോകായുക്ത മിന്നൽ പരിശോധന നടത്തിയത്. റെയ്ഡിൽ മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണവും കിലോക്കണക്കിന് വെള്ളിയും പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വത്തുവകകൾ എണ്ണിത്തിട്ടപ്പെടുത്താനായി ലോകായുക്ത പ്രത്യേക യന്ത്രം കൊണ്ടുവന്നിരുന്നു. ഭോപ്പാലിലെയും നർമ്മദാപുരത്തെയും വസതികളിലായിരുന്നു പരിശോധന.

നർമ്മദാപുരത്ത് മെഹ്‌റയ്ക്ക് ആഡംബര കാറുകളും കോട്ടേജുകളും ഒരു ക്ഷേത്രവും ഉൾക്കൊള്ളുന്ന ഒരു ഫാം ഹൗസ് തന്നെയുണ്ടായിരുന്നു. കൂടാതെ, ഗോവിന്ദ്പുര ഇൻഡസ്ട്രിയൽ ഏരിയയിലെ മെഹ്‌റയുടെ ബിസിനസ് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിലും ലക്ഷങ്ങൾ കണ്ടുകെട്ടി.
മണിപുരം കോളനിയിലെ ആഡംബര വസതിയിൽ നിന്ന് 8.79 ലക്ഷം രൂപ പണമായും, 50 ലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങളും, 56 ലക്ഷം രൂപ വിലമതിക്കുന്ന നിക്ഷേപ രേഖകളും ലോകായുക്ത കണ്ടെത്തി.

Exit mobile version