തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം. മുൻ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ മുതിർന്ന നേതാവുമായ ഒ പനീർശെൽവം(75) ഭരണകക്ഷിയായ ഡി എം കെയിൽ ചേർന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് പനീർശെൽവം ഡി എം കെ അംഗത്വം സ്വീകരിച്ചത്. അഴിമതിക്കേസുകളെത്തുടർന്ന് ജയലളിതയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നപ്പോൾ രണ്ടുതവണ പകരക്കാരനായി മുഖ്യമന്ത്രി കസേരയിലെത്തിയ വിശ്വസ്തനാണ് പനീർശെൽവം. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ നാടകീയ നീക്കം.
എ ഐ എ ഡി എം കെയിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ എടപ്പാടി പളനിസ്വാമി തടഞ്ഞതാണ് പനീർശെൽവത്തെ ഡി എം കെ പാളയത്തിലെത്തിച്ചത്. എൻ ഡി എയിൽ പനീർശെൽവത്തെ ഉൾപ്പെടുത്താൻ എ ഐ എ ഡി എം കെ സമ്മതിച്ചെങ്കിലും പാർട്ടിയിലേക്ക് മടക്കി എടുക്കില്ലെന്ന് ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതേത്തുടർന്ന് നടൻ വിജയിയുടെ ടി വി കെയിൽ ചേരാൻ ആലോചിച്ചെങ്കിലും ഒടുവിൽ അരനൂറ്റാണ്ടുകാലം താൻ എതിർത്ത ഡി എം കെയുടെ ഭാഗമാകാനാണ് അദ്ദേഹം തീരുമാനിച്ചത്. 2022ൽ പളനിസ്വാമി പുറത്താക്കിയതിനെത്തുടർന്ന് രാഷ്ട്രീയമായും നിയമപരമായും പനീർശെൽവം ഒറ്റപ്പെട്ടിരുന്നു.
തേനി ജില്ലയ്ക്ക് പുറത്ത് വലിയ സ്വാധീനമില്ലെങ്കിലും മുക്കുളത്തോർ സമുദായത്തിനിടയിലുള്ള അദ്ദേഹത്തിന്റെ ബന്ധം ഡി എം കെയ്ക്ക് ഗുണകരമായേക്കാം. അതേസമയം, പ്രതിപക്ഷത്തുള്ളവരെ ചുവപ്പുപരവതാനി വിരിച്ച് സ്വീകരിക്കുന്ന ഡി എം കെയുടെ രീതിക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. ജയലളിതയുടെ മരണശേഷം ശശികലയ്ക്കെതിരെ നടത്തിയ ധർമ്മയുദ്ധത്തോടെയാണ് പനീർശെൽവത്തിന്റെ രാഷ്ട്രീയ പതനം തുടങ്ങിയതെന്നാണ് വിലയിരുത്തൽ. ബി ജെ പിയുടെ പിന്തുണയോടെയായിരുന്നു അന്നത്തെ നീക്കമെങ്കിലും പിന്നീട് പളനിസ്വാമിക്ക് കീഴിൽ ഉപമുഖ്യമന്ത്രിയായി ഒതുങ്ങേണ്ടി വന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ കരുത്ത് കുറയാൻ കാരണമായി.

