മഹാരാഷ്ട്രയിലെ ആദ്യത്തെ ഫോർമുല നൈറ്റ് സ്ട്രീറ്റ് റേസിന് നവി മുംബൈ ആതിഥേയത്വം വഹിക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ റേസിങ് പ്രൊമോഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ആർപിപിഎൽ) നവി മുംബൈ മുനിസിപ്പൽ കോർപറേഷനുമായി (എൻഎംഎംസി) ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യൻ കായികരംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിനാണ് മഹാരാഷ്ട്ര തയ്യാറെടുക്കുന്നത്.
ഇന്ത്യൻ റേസിങ് ഫെസ്റ്റിവലിന്റെ (ഐആർഎഫ്) ഭാഗമായുള്ള ഐക്കണിക് ഫിനാലെ 2025 ഡിസംബറിൽ നടത്താനാണ് പദ്ധതി. മുംബൈയിലെ ആദ്യത്തെ എഫ്‌ഐഎ‑ഗ്രേഡ് സ്ട്രീറ്റ് റേസിങ് സർക്യൂട്ടിന്റെ വരവിനെയാണ് ഇതിലൂടെ അടയാളപ്പെടുത്തുന്നത്. 14 തിരിവുകളുള്ള 3.753 കിലോമീറ്റർ എഫ്ഐഎ‑ഗ്രേഡ് സ്ട്രീറ്റ് സർക്യൂട്ടിലൂടെയാണ് റേസിങ് നടക്കുക. ഇന്ത്യൻ റേസിങ് ലീഗും (ഐആര്‍എല്‍) എഫ്ഐഎ- സർട്ടിഫൈഡ് ഫോർമുല നാല് ഇന്ത്യൻ ചാമ്പ്യൻഷിപ്പും ഉൾപ്പെടുന്ന ഈ റേസിങ് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

