Site iconSite icon Janayugom Online

കളമശേരി സ്ഫോടനം: റിമോട്ട് കണ്‍ട്രോള്‍ കണ്ടെടുത്തു

കളമശേരി സ്ഫോടന കേസിൽ നിർണായകമായ റിമോട്ട് കൺട്രോളറുകൾ പൊലീസ് കണ്ടെത്തി. പ്രതി ഡൊമിനിക് മാർട്ടിൻ കീഴടങ്ങിയ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് പ്രതി കീഴടങ്ങാൻ എത്തിയ ഇരുചക്രവാഹനത്തിൽ നിന്ന് തെളിവുകൾ കണ്ടെത്തിയത്. സ്കൂട്ടറിന്റെ സീറ്റിന് അടിയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ട് കൺട്രോളറുകൾ. കേസിൽ ഏറെ നിർണായകമായേക്കാവുന്ന തെളിവുകളാണ് ഇത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.

സ്ഫോടനത്തിന് ശേഷം വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചതിന് ശേഷമാണ് കീഴടങ്ങിയത്. കളമശേരിയിലെ സ്ഫോടനത്തിന് ശേഷം പുറത്തിറങ്ങിയ മാർട്ടിൻ കൺവൻഷൻ സെന്ററിന് പുറത്ത് പാർക്ക് ചെയ്ത സ്കൂട്ടറിന് സമീപത്തെ ആദ്യം റിമോട്ടുകൾ സീറ്റിന് അടിയിൽ നിക്ഷേപിച്ചു. പിന്നീട് കൊരട്ടിയിലെ ലോഡ്ജിലെത്തി ഫേസ്ബുക്കിൽ വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷം അതേ സ്കൂട്ടറിൽ തന്നെ കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഈ റിമോട്ട് കൺട്രോളറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രതിതന്നെ മൊബൈലിൽ ചിത്രികരിച്ച് പൊലീസിനെ കാണിച്ചിട്ടുമുണ്ട്. ഇതോടെയാണ് പ്രതി ഡൊമിനിക് മാർട്ടിൻ തന്നെയാണെന്ന നിഗമനത്തിലേയ്ക്ക് പൊലീസ് എത്തിയത്. നേരത്തെ തെളിവെടുപ്പിന്റെ ഭാഗമായി പാലാരിവട്ടത്തെ ഇലക്ട്രോണിക്സ് കടയിലെത്തിച്ച പ്രതിയെ കടക്കാരനും ജീവനക്കാരനും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പ്രതിയുടെ കസ്റ്റഡി കാലാവധി 15ന് അവസാനിക്കാനിരിക്കെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം.

Eng­lish Sum­ma­ry: police found evi­dence from kala­massery blast accused dominic mar­tin s vehicle
You may also like this video

Exit mobile version